കാനഡയിൽനിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഹിതപരിശോധന, പ്രവിശ്യയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിന് തടസ്സമാകില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. പ്രവിശ്യയുടെ രാഷ്ട്രീയ സാഹചര്യങ്ങൾ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് വിഘാതമാകുമെന്ന ആശങ്കകൾ പ്രീമിയർ തള്ളിക്കളഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൻകിട പദ്ധതികൾക്കായി 1 ട്രില്യൺ ഡോളർ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർക്ക് കാർണി നേതൃത്വം നൽകുന്ന പ്രഥമ ‘കാനഡ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റ്’ (Canada Investment Summit) സംഘടിപ്പിക്കുന്നത്.
ഉച്ചകോടിയിൽ 160-ലധികം നിക്ഷേപ അവസരങ്ങൾ അവതരിപ്പിക്കുമെന്ന് PMO അറിയിച്ചു. ചർച്ചിൽ തുറമുഖത്തിന്റെ വിപുലീകരണം, നോവ സ്കോട്ടിയയിലെ ഓഫ്‌ഷോർ വിൻഡ് (കടലിലെ കാറ്റ് ഉപയോഗിച്ചുള്ള ഊർജ്ജ ഉൽപ്പാദന) പദ്ധതി, ആൽബർട്ടയിൽ നിന്ന് പടിഞ്ഞാറൻ തീരത്തേക്ക് എണ്ണ എത്തിക്കുന്നതിനുള്ള നിർദ്ദിഷ്ട വെസ്റ്റ് കോസ്റ്റ് ഓയിൽ പൈപ്പ്‌ലൈൻ എന്നിവയാണ് പട്ടികയിലെ പ്രധാനപ്പെട്ടതും ചെലവേറിയതുമായ പദ്ധതികളിൽ ചിലത്.
കാനഡയിൽ തുടരണമോ അതോ വിഭജനത്തിനായുള്ള ഭരണഘടനാപരമായ നിയമനടപടികൾ ആരംഭിക്കണമോ എന്ന് ഒക്ടോബറിലെ ഹിതപരിശോധനയിലൂടെ ജനങ്ങൾ തീരുമാനിക്കും. എന്നാൽ, കുറഞ്ഞ കോർപ്പറേറ്റ് നികുതി, മികച്ച തൊഴിൽശേഷി തുടങ്ങിയ അനുകൂല ഘടകങ്ങളാണ് നിക്ഷേപകർ പ്രധാനമായും വിലയിരുത്തുന്നതെന്നും, മെറ്റാ (Meta) പ്രഖ്യാപിച്ച ഡാറ്റാ സെന്‍റർ ഇതുനുദാഹരണമാണെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി. ആൽബർട്ട മുന്നോട്ടുവെക്കുന്ന നിക്ഷേപ മൂല്യത്തിൽ യാതൊരു മാറ്റവുമില്ലെന്നും അവർ വ്യക്തമാക്കി.







