നയാഗ്ര റീജിയണിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ്. ഈ മേഖലയിലൂടെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. വെസ്റ്റ്ചെസ്റ്റർ അവന്യൂവിനും സെന്റ് കാതറിൻസിലെ ഫോർത്ത് അവന്യുവിനും ഇടയിലുള്ള ഹൈവേ 406, നയാഗ്ര ഫാൾസിലെ മൗണ്ടെയ്ൻ റോഡിന് സമീപമുള്ള QEW , തോറോൾഡി ലെ പൈൻ സ്ട്രീറ്റിന് സമീപമുള്ള ഹൈവേ 58 എന്നീ ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾക്ക് നേരെയാണ് അജ്ഞാതർ കല്ലെറിയുന്നതെന്ന് പോലീസ് പറഞ്ഞു.
കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകൾ തകരുകയും മറ്റ് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഒപിപി ഹൈവേ സേഫ്റ്റി ഡിവിഷൻ ക്രൈം യൂണിറ്റിന്റെയും നയാഗ്ര റീജിയണൽ പോലീസിന്റെയും സഹായത്തോടെ നയാഗ്ര റീജിയണൽ പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചു. ഇതുവരെ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. മൗണ്ടെയ്ൻ റോഡിന് സമീപമുള്ള സംഭവത്തിനിടെ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് മൂന്നോളം പേർ കല്ലെറിയുന്നത് കണ്ടതായി ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തതായി ഒപിപി സർജന്റ് കെറി ഷ്മിഡ്റ്റ് പറഞ്ഞു.
ഒൻ്റാരിയോയിൽ നടന്ന കനേഡിയൻ നാഷണൽ എക്സിബിഷൻ ജോബ് ഫെയറിൽ അഭിമുഖത്തിനായി എത്തിയത് ആയിരക്കണക്കിന് യുവാക്കൾ. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന തോതിൽ തുടരുന്നതിനിടെയാണിത്. 5,000-ത്തിലധികം സീസണൽ തസ്തികകളിലേക്ക് 54,000-ത്തിലധികം ഓൺലൈൻ അപേക്ഷകൾ ലഭിച്ചതായി സിഎൻഇ അറിയിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന മേളയിൽ കാഷ്യർമാർ, റീട്ടെയിൽ അസോസിയേറ്റ്സ്, ഗെയിം അറ്റൻഡൻ്റ്സ്, ഫുഡ് സർവീസ് സ്റ്റാഫ്, മിഡ്വേ ഓപ്പറേറ്റർമാർ, ഇൻഫർമേഷൻ ഗൈഡുകൾ തുടങ്ങി സീസണൽ തസ്തികളിലേക്ക് ഉൾപ്പെടെ അപേക്ഷ സ്വീകരിക്കുന്നുണ്ട്.
ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും കൂടുതൽ അപേക്ഷകൾ ഇതാണെന്ന് സംഘാടകർ പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ രൂക്ഷമായൊരു തൊഴിൽ വിപണിയുടെ പ്രതിഫലനമാണിതെന്ന് അധികൃതർ പറഞ്ഞു. ഏകദേശം 4,000 ഉദ്യോഗാർത്ഥികൾ ജോബ് ഫെയറിൽ പങ്കെടുത്തതായി സിഎൻഇ കണക്കാക്കുന്നു. ബുധനാഴ്ച പുലർച്ചെ 5 മണിക്ക് ശേഷം എത്തിത്തുടങ്ങിയ അപേക്ഷകരെ 24 ബൂത്തുകളിലായാണ് അഭിമുഖം നടത്തിയത്. ഒൻ്റാരിയോയിൽ 15 നും 24 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 15.8 ശതമാനമായിരുന്നു.
ഓട്ടവ: കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. യുഎസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള സെർവറുകളിലാണ് കനേഡിയൻ ആരോഗ്യ ഡാറ്റ സൂക്ഷിക്കുന്നത്. ഇതിനാലാണ് കൂടുതൽ ജാഗ്രത ആവശ്യമുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കിയത്.
ക്ലിനിക്കുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമുള്ള രോഗികളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങൾ അടങ്ങിയ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് സംവിധാനങ്ങൾ പലപ്പോഴും യുഎസ് കമ്പനികളാണ് നിയന്ത്രിക്കുന്നത്. ഡാറ്റ എൻക്രിപ്റ്റ് ചെയ്യുകയും പ്രാഥമികമായി കാനഡയിലെ ക്ലൗഡ് സെർവറുകളിലാണ് സൂക്ഷിക്കുകയും ചെയ്യുന്നത്. എന്നാൽ അവ അമേരിക്കൻ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതിനാൽ അവ അമേരിക്കൻ നിയമങ്ങൾക്ക് വിധേയമാണ്. അതുകൊണ്ട് തന്നെയാണ് കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഒരു ഭീഷണി നേരിടുന്നു എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.
കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണൽ പ്രകാരം, വിദേശ സ്ഥാപനങ്ങൾ രോഗികളുടെ ഡാറ്റ ആക്സസ് ചെയ്യുന്നത് തടയാൻ കനേഡിയൻമാരുടെ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകൾക്ക് കൂടുതൽ സംരക്ഷണം ആവശ്യമാണ് എന്നാണ് നിർദ്ദേശം. കനേഡിയൻ സ്വകാര്യതാ നിയമം വളരെ കാലഹരണപ്പെട്ടതാണ് എന്ന് ഓട്ടവ സർവകലാശാലയിലെ നിയമ വിദഗ്ദ്ധനും പ്രൊഫസറും ജേണലിൻ്റെ സഹ-രചയിതാവുമായ മൈക്കൽ ഗൈസ്റ്റ് പറഞ്ഞു .
സാൾട്ട് ലേക്ക് സിറ്റിയിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനം 1600 അടി ഉയരത്തിൽ വെച്ച് ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് മിനിയാപൊളിസ്-സെന്റ്പോൾ രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. 25 യാത്രക്കാർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ എയർബസ് എ 330-900 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്.
എട്ട് മണിക്കൂർ യാത്രയ്ക്കായി പുറപ്പെട്ട വിമാനം രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ ആകാശച്ചുഴിയിൽപ്പെട്ടത്. 275 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആകാശച്ചുഴിയിൽപ്പെട്ട് ചില യാത്രക്കാർക്ക് തലക്കറക്കവും ഛർദ്ദിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ സുരക്ഷിതമായി ഇറക്കിയ ഉടൻ തന്നെ മെഡിക്കൽ സംഘമെത്തി യാത്രക്കാർക്ക് പ്രാഥമിക ചികിത്സ നൽകി.
ഓട്ടവ: സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയാണ് ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് എന്ന് സർവേ. ഇപ്സോസ് പോൾ പ്രകാരം, പ്രതികരിച്ചവരിൽ 57 ശതമാനം പേരും ഇങ്ങനെയൊരു അഭിപ്രായമാണ് പ്രതികരിച്ചത്. സോഷ്യൽ മീഡിയയാണ് ഏറ്റവും സ്വാധീനമുള്ള വാർത്താ സ്രോതസ്സുകളിൽ ഒന്നെന്ന് പലരും ചൂണ്ടിക്കാട്ടി. കാനഡയിൽ ഫേസ്ബുക്ക് വാർത്താ ഉള്ളടക്കം നിരോധിച്ചിട്ടുണ്ടെങ്കിലും 14 ശതമാനം പേർ അതിനെ പ്രത്യേകം പരാമർശിച്ചു.
ജൂലൈ 11 മുതൽ 21 വരെ 1,000 കനേഡിയൻ നിവാസികളിലാണ് ഓൺലൈൻ സർവേ നടത്തിയത്. പ്രാദേശിക വാർത്തകളുമായി ബന്ധപ്പെട്ട പബ്ലിക് പോളിസി ഫോറത്തിൻ്റെ പഠനത്തിൻ്റം ഭാഗമായാണിത്. പ്രാദേശിക വാർത്താ മാധ്യമങ്ങളുടെ സ്വാധീനത്തിലുണ്ടായ കുറവ് നിരവധി കനേഡിയക്കാരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ഫോളോ ചെയ്യാൻ നിർബന്ധിതരാക്കുന്നു എന്ന് സർവ്വെ വിലയിരുത്തുന്നു. തങ്ങളുടെ സ്ഥാനാർത്ഥികളെക്കുറിച്ചും പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ചും അറിയാൻ ആളുകൾ കൂടുതൽ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഈ പോൾ വ്യക്തമാക്കുന്നതെന്ന് ഇപ്സോസിലെ സീനിയർ വൈസ് പ്രസിഡൻ്റ് ഷോൺ സിംപ്സൺ പറയുന്നു.
പ്രാദേശിക വാർത്തകളുടെ ലഭ്യത കൂടുതലായിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സമ്മതിദാന അവകാശം വിനിയോഗിക്കുമായിരുന്നു എന്ന 70 ശതമാനം ആളുകളും അഭിപ്രായപ്പെട്ടതായി സർവേ പറയുന്നു. ടൊറൻ്റോ സ്റ്റാർ മുൻ കോളമിസ്റ്റ് ടിം ഹാർപ്പർ, മക്ലീൻ മുൻ എഡിറ്റർ-ഇൻ-ചീഫ് അലിസൺ അങ്കിൾസ് എന്നിവരാണ് റിപ്പോർട്ടിന് പിന്നിലുണ്ടായിരുന്നത്. രാഷ്ട്രീയ വാർത്തകൾ കൂടുതൽ ഫലപ്രദമായി റിപ്പോർട്ട് ചെയ്യുന്നതിന് ഒരു സ്ഥിരം ഫണ്ട് മാധ്യമ സ്ഥാപനങ്ങൾക്ക് നൽകുകയെന്ന നിർദ്ദേശവും ഇവർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഓട്ടവ: കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ ഇമിഗ്രേഷൻ റെഫ്യൂസൽ ലെറ്റവർ മുഖേന വിശദീകരണം നൽകുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ(IRCC) അറിയിച്ചു. കനേഡിയൻ ഇമിഗ്രേഷൻ സംവിധാനത്തിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ആധുനികവത്കരിക്കുന്നതിനുമായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. ജൂലൈ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായി ഐആർസിസി അറിയിച്ചു. കത്തുകൾ വഴി കുടിയേറ്റ അപേക്ഷ നിരസിച്ചതിന്റെ കാരണം വിശദീകരിക്കും.
ചില അപേക്ഷകൾക്കുള്ള ഉദ്യോഗസ്ഥന്റെ തീരുമാനം റെഫ്യൂസൽ ലെറ്ററിൽ ഉൾപ്പെടുത്തും. അപേക്ഷ നിരസിക്കാനുള്ള കാരണം ഈ കുറിപ്പുകളിൽ വിശദീകരിക്കും. അന്തിമ തീരുമാനമെടുത്ത ഉദ്യോഗസ്ഥനിൽ നിന്നാണ് കത്ത് ലഭിക്കുക. ഇതുവരെ കുടിയേറ്റ അപേക്ഷ നിരസിക്കുമ്പോൾ എന്താണ് കാരണമെന്ന് വെളിപ്പെടുത്തി അപേക്ഷകർക്ക് വിശദീകരണം നൽകാറില്ലായിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് നിയമം നടപ്പിലാക്കുന്നതെന്ന് ഐആർസിസി വ്യക്തമാക്കി.
താൽക്കാലിക താമസ വിസ, വിസ എക്സ്റ്റൻഷൻ അപേക്ഷകൾ, സന്ദർശക രേഖകൾ, സ്റ്റുഡന്റ് വിസ, വർക്ക് പെർമിറ്റ് എന്നീ അപേക്ഷകൾക്ക് പുതിയ നിയമം ബാധകമായിരിക്കും. എന്നാൽ ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷനുകളും താൽക്കാലിക താമസാനുമതികളും ഇതിൽ ഉൾപ്പെടുന്നില്ലെന്ന് ഐആർസിസി അറിയിച്ചു.
റെസ്ലിംഗ് ഇതിഹാസവും റിയാലിറ്റി ടിവി താരവുമായ ഹൾക്ക് ഹൊഗന്റെ(71) മരണകാരണം അദ്ദേഹത്തിന്റെ വിയോഗത്തിന് ഒരാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ടു. ഹൃദയാഘാതത്തെ തുടർന്നാണ് (അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ) അദ്ദേഹം അന്തരിച്ചതെന്ന് മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ, ഹൊഗന് രക്തത്തിലെയും മജ്ജയിലെയും ഒരുതരം കാൻസറായ ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ (CLL) ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ 24-ന് ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് മരണം സ്ഥിരീകരിച്ചു. ഹൊഗന് ഏട്രിയൽ ഫൈബ്രിലേഷൻ (AFib) എന്ന രോഗാവസ്ഥയും ഉണ്ടായിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
1980-കളിൽ പ്രൊഫഷണൽ ഗുസ്തിയിലൂടെ പ്രശസ്തനായ ഹൾക്ക് ഹൊഗൻ, സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും രാഷ്ട്രീയ ഇടപെടലുകളിലൂടെയും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ‘ഹൊഗാൻ നോസ് ബെസ്റ്റ്’ എന്ന റിയാലിറ്റി ടിവി പരമ്പര അദ്ദേഹത്തിന്റെ കുടുംബജീവിതം പ്രേക്ഷകരിലേക്ക് എത്തിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം.
ടെക്സസ്: കഴിഞ്ഞ ജൂണിൽ ഗാർലൻഡിലെ ഒരു മോട്ടലിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്ന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. ലാസ് വെഗാസിൽ നിന്നുള്ള 48 വയസ്സുകാരനായ സാന്റിയാഗോ ലോപ്പസ് മൊറേൽസ് ആണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. അറസ്റ്റിലായ യോസ്ഗ്വാർ അപോണ്ടെ ജിമെനെസ് (20), ജീസസ് ഡി നസറെത്ത് ബെല്ലോറിൻ-ഗുസ്മാൻ (23), ജോസ് ലൂയിസ് ട്രിവിനോ-ക്രൂസ് (25) എന്നിവരെ ഇമിഗ്രേഷൻ തടഞ്ഞുവെച്ചിട്ടുള്ളതിനാൽ ബോണ്ടില്ലാതെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മൂവരും നിലവിൽ ഡാളസ് കൗണ്ടി ജയിലിലാണ്.
ജൂൺ 20-ന് രാവിലെ 5 മണിയോടെ എൽബിജെ ഫ്രീവേയിലെ 12700 ബ്ലോക്കിലുള്ള മോട്ടലിലെ പാർക്കിംഗ് സ്ഥലത്തേക്ക് വെടിവയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. വെടിയേറ്റ നിലയിൽ കണ്ടെത്തിയ സാന്റിയാഗോ ലോപ്പസ് മൊറേൽസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
ഈ മൂന്ന് പ്രതികൾക്ക് ജൂൺ 20-ന് രാവിലെ ലിയോൺ റോഡിലെ 3600 ബ്ലോക്കിലുള്ള മറ്റൊരു മോട്ടലിൽ നടന്ന കവർച്ചയിലും പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പ്പുമായി പ്രതികളെ എങ്ങനെയാണ് ബന്ധിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് പ്രതികളും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഈ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളുള്ളവർ 972-485-4840 എന്ന നമ്പറിൽ ഗാർലൻഡ് പോലീസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
എഡ്മണ്ടനിലും പരിസരപ്രദേശങ്ങളിലുമുള്ള ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വീണ്ടും വർധിക്കുന്നതായി എഡ്മണ്ടൻ പൊലീസ് ഡെപ്യൂട്ടി ചീഫ് വാറൻ ഡ്രീഷൽ. സമ്പന്നരായ ദക്ഷിണേഷ്യൻ ബിസിനസ്സ് ഉടമകളെയും ഭവനനിർമ്മാതാക്കളെയുമാണ് കുറ്റകൃത്യ സംഘങ്ങൾ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള നാല്പതോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2024-ൽ കേസുകളുടെ എണ്ണം വർധിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് താൽക്കാലികമായി ഒതുങ്ങിയ സംഘങ്ങൾ വീണ്ടും ആക്രമണം പുനഃരാരംഭിച്ചിരിക്കുകയാണ്. എന്നാൽ, 2025 മെയ് മാസം മുതൽ റിപ്പോർട്ട് ചെയ്ത ആറു കേസുകൾ മുൻ ആക്രമണങ്ങളോട് സാമ്യമുള്ളതാണെന്ന് ഡെപ്യൂട്ടി ചീഫ് വാറൻ ഡ്രീഷൽ പറയുന്നു.
ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ തുടങ്ങിയ പ്രവിശ്യകളിൽ സമാനമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ പലപ്പോഴും ഇരകളെ സോഷ്യൽ മീഡിയ വഴിയാണ് ബന്ധപ്പെടുന്നത്. തുടർന്ന് പണം ആവശ്യപ്പെടുകയും തട്ടിക്കൊണ്ടുപോകൽ ഭീഷണി ഉയർത്തുകയുമാണ് പതിവ്. പ്രതികൾക്ക് പലപ്പോഴും ഇരയുടെ പേരും അവരുടെ ഫോൺ നമ്പറും വിലാസവും ബിസിനസ് വിവരങ്ങളും അറിയാമെന്ന് പൊലീസ് പറയുന്നു. ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.
ഭക്ഷണവിതരണ കേന്ദ്രത്തില്‍ അടക്കം ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നതിനിടെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്ന് ഗാസയില്‍ എത്തും. ഇസ്രയേലും അമേരിക്കയും രൂപപ്പെടുത്തിയ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തിലാണ് സ്റ്റിവ് വിറ്റ്കോഫിന്റെ സന്ദര്‍ശനം.
ഗാസയില്‍ വിപുലമായ ഭക്ഷ്യവിതരണ പദ്ധതിക്ക് രൂപം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്താനാണ് സ്റ്റിവ് വിറ്റ് കോഫിന്റെ ഗാസ സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സ്റ്റീവ് വിറ്റ്കോഫ് ഇന്നലെ ചര്‍ച്ച നടത്തി. ഗാസയിലെ വെടിനിര്‍ത്തല്‍, ഭക്ഷ്യവിതരണം, യുദ്ധാനന്തര ഗാസയുടെ ഭാവി എന്നിവ ചര്‍ച്ചയായി. ആക്രമണം തുടരാനും സഹായ വിതരണം മെച്ചപ്പെടുത്താനുമാണ് താല്‍ക്കാലിക ധാരണയെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.