പ്രവിശ്യയിലെ പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന നിരോധിക്കുന്ന പുതിയ നിയമം ക്യുബെക്കിൽ പ്രാബല്യത്തിൽ വന്നു. സർവകലാശാലകൾ, കോളജുകൾ, പൊതുഗതാഗത ഏജൻസികൾ എന്നിവിടങ്ങളിൽ പ്രവിശ്യാ മതേതരത്വ നിയമത്തിന്റെ ഭാഗമായുള്ള നിരോധനം സെപ്റ്റംബർ 1 മുതൽ ആരംഭിച്ചു. പൊതു റോഡുകളിലും പാർക്കുകളിലും കൂട്ടായ മതാചാര പരിപാടികൾ നടത്തുന്നതിനും വിലക്കുണ്ട്. എന്നാൽ പ്രാദേശിക മുനിസിപ്പാലിറ്റികളുടെ പ്രത്യേക അനുമതിയോടെ ഇത്തരം പരിപാടികൾ നടത്താം.
പ്രവിശ്യയിലെ പ്രധാന നഗരമായ മോൺട്രിയലിലെ പൊതുഗതാഗത ഏജൻസി STM തങ്ങളുടെ ജീവനക്കാർക്ക് പ്രാർത്ഥന സൗകര്യം ഒരുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റെ ഡി മോൺട്രിയൽ ക്യാമ്പസിൽ പ്രാർഥിക്കാൻ ആഗ്രഹിക്കുന്നവരോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. യൂണിവേഴ്സിറ്റെ ഡു ക്യുബെക് ആ മോൺട്രിയൽ (UQAM) പുതിയ നിയമം കൃത്യമായി പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം പൊതുസ്ഥലങ്ങളിലെ ഈ നിയന്ത്രണങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന് മോൺട്രിയൽ പൊലീസ് വ്യക്തമാക്കിയിട്ടില്ല.







