യുഎസുമായുള്ള വ്യാപാരയുദ്ധം രൂക്ഷമായ സാഹചര്യത്തിൽ കാനഡ യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുക്കുന്നു. യൂറോപ്യൻ യൂണിയനുമായി (EU) സൗഹൃദവും സഹകരണവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾക്ക് പ്രധാനമന്ത്രി മാർക്ക് കാർണി രൂപം നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാനഡയെ യൂറോപ്യൻ യൂണിയന്‍റെ ‘അസോസിയേറ്റ് അംഗം’ ആയി മാറ്റാനുള്ള സാധ്യതകൾ അദ്ദേഹം പരിശോധിക്കുണ്ടെന്നും സൂചനകളുണ്ട്. അസോസിയേറ്റ് അംഗം എന്ന പദവി കാനഡയ്ക്ക് നൽകാൻ യൂറോപ്യൻ യൂണിയനും താല്പര്യമുണ്ട്. അതേസമയം, കാനഡയെയും യൂറോപ്യൻ യൂണിയനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പുതിയ പദ്ധതി എളുപ്പത്തിൽ നടപ്പാകാൻ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നു.
തന്ത്രപ്രധാനമായ ഊർജം, കൃത്രിമ ബുദ്ധി (AI), പ്രതിരോധം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ യൂറോപ്യൻ യൂണിയനുമായി സഹകരണം വർധിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. കൂടാതെ, സമുദ്രത്തിനടിയിലൂടെയുള്ള കേബിളുകൾ, സംയുക്ത ഡാറ്റാ സെന്‍ററുകൾ, പുതിയ ഉപഗ്രഹ നെറ്റ്‌വർക്കുകൾ എന്നിവ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കാനഡക്കാർക്ക് വീസയില്ലാതെ താമസിക്കാനും ജോലി ചെയ്യാനുമുള്ള സാധ്യതകളെക്കുറിച്ചും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള നേതാക്കളുമായി കാർണി ചർച്ച നടത്തി.







