ആൽബർട്ടയിലെ പ്രധാന നഗരങ്ങളായ എഡ്മിന്റനെയും കാൽഗറിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽവേ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പ്രവിശ്യാ സർക്കാർ. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്നും ഇതിനുള്ള നടപടികൾ ഈ ശരത്കാലത്തോടെ ആരംഭിക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചു. പദ്ധതി നടപ്പിലാക്കാൻ അനുയോജ്യമായ പങ്കാളിയെ 2027 ഏപ്രിലോടെ പ്രവിശ്യാ സർക്കാർ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ റെഡ് ഡിയർ വഴി രണ്ട് നഗര കേന്ദ്രങ്ങളെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഈ അതിവേഗ റെയിൽ പദ്ധതി.
ഒരു സ്വകാര്യ കമ്പനിയെ അല്ലെങ്കിൽ കൺസോർഷ്യത്തെ തിരഞ്ഞെടുത്ത ശേഷം പദ്ധതിയെ ഫെഡറൽ സർക്കാരിന്റെ ‘മേജർ പ്രൊജക്ട്സ് ഓഫീസിന്’ കൈമാറാൻ ഫെഡറൽ സർക്കാരും ധാരണയിലെത്തിയിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള വൻകിട അടിസ്ഥാന സൗകര്യ പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കാനാണ് ഫെഡറൽ സർക്കാർ ഈ സംവിധാനം ഉപയോഗിക്കുന്നത്.
മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പുതിയ റെയിൽ പാത നിലവിൽ വന്നാൽ, കാൽഗറിയിൽ നിന്ന് എഡ്മിന്റനിലേക്കുള്ള യാത്രാസമയം വെറും ഒരു മണിക്കൂറും 45 മിനിറ്റുമായി കുറയും. വടക്കേ അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ഇടനാഴികളിലൊന്നായ ഇവിടെ അതിവേഗ റെയിൽ വരുന്നത് മേഖലയുടെ ഗതാഗതത്തിനും വ്യവസായ മുന്നേറ്റത്തിനും വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് കനേഡിയൻ ഗതാഗത മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിക്കായി കുറഞ്ഞ സാമ്പത്തിക സഹായം പ്രവിശ്യാ സർക്കാരിൽ നിന്ന് നൽകുന്ന രീതിയിലാകും സ്വകാര്യ പ്രൊപ്പോസലുകൾ വിലയിരുത്തുക.







