ശൈത്യകാലത്തിനെ വരവേൽക്കാൻ പ്രവിശ്യയിലെ ഡ്രൈവർമാർ സജ്ജരായിരിക്കണമെന്ന് ബ്രിട്ടിഷ് കൊളംബിയ സർക്കാർ നിർദ്ദേശിച്ചു. പ്രവിശ്യയിൽ ഒക്‌ടോബർ 1 മുതൽ പ്രവിശ്യയിലെ ഭൂരിഭാഗം ഹൈവേകളിലും വിന്‍റർ ടയറുകളും ചെയിനുകളും നിര്ബന്ധമാക്കിയതായി പ്രവിശ്യാ ഗതാഗത മന്ത്രാലയം അറിയിച്ചു. കാലാവസ്ഥയ്ക്ക് അനുസരിച്ച് 2027 ഏപ്രിൽ 30 വരെ ഈ നിയമം പ്രാബല്യത്തിലുണ്ടായിരിക്കും.
അതേസമയം ശൈത്യകാലാവസ്ഥ കൂടുതൽ ബാധിക്കാത്ത ലോവർ മെയിൻലാൻഡിലും തെക്കുകിഴക്കൻ വൻകൂവർ ഐലൻഡിലും ലോവർ മെയിൻലാൻഡിലും തെക്കുകിഴക്കൻ വൻകൂവർ ഐലൻഡിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ലോവർ മെയിൻലാൻ്റിൽ നിന്ന് ഹൈവേ 99-ലെ ഹോഴ്‌സ്ഷൂ ബേയോ ഹൈവേ 1-ലെ ലൈഡ്‌ലോയോ കടന്ന് യാത്ര ചെയ്യണമെങ്കിൽ വിന്‍റർ ടയറുകൾ നിർബന്ധമാണ്. കൂടാതെ മൗണ്ട് സീമോർ, സൈപ്രസ് മൗണ്ടൻ എന്നിവിടങ്ങളിലേക്ക് പോകാനും ഒക്‌ടോബർ ഒന്ന് മുതൽ വിന്‍റർ ടയറുകൾ ഉണ്ടായിരിക്കണം. പ്രാദേശിക നഗരസഭകൾക്കും സ്വകാര്യ റോഡുകൾക്കും വിന്‍റർ ടയറുകളുമായി ബന്ധപ്പെട്ട് സ്വന്തമായ നിയമങ്ങളുണ്ടാകാം. ടയറിലെ ഗ്രിപ്പിന്‍റെ അളവ് കുറഞ്ഞത് 3.5 മില്ലീമീറ്റർ വേണമെന്നാണ് നിയമമെങ്കിലും, അപകടങ്ങൾ ഒഴിവാക്കാൻ 6.5 മില്ലീമീറ്ററെങ്കിലും ഉള്ള ടയറുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
താപനില ഏഴ് ഡിഗ്രി സെൽഷ്യസിന് താഴേക്ക് പോകുമ്പോൾ ഇത്തരം ടയറുകൾ റോഡിൽ മികച്ച ഗ്രിപ്പും നിയന്ത്രണവും നൽകുകയും ബ്രേക്കിങ് ദൂരം 33 ശതമാനം വരെ കുറയ്ക്കുകയും ചെയ്യും. നാല് ചക്രങ്ങളിലും ഒരേപോലെയുള്ള വിന്‍റർ ടയറുകൾ ഘടിപ്പിക്കാനും, തേയ്മാനമോ കേടുപാടുകളോ ഉണ്ടെങ്കിൽ വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിക്കാനും, തണുപ്പുകാലത്ത് എയർ പ്രഷർ കൃത്യമായി പരിശോധിക്കാനും ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു.







