കാനഡയിൽ ജനസംഖ്യാ വളർച്ച നിരക്കിലെ ഇടിവ് തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. കാനഡ നടപ്പിലാക്കിയ കുടിയേറ്റ നിയന്ത്രണങ്ങൾ ജനസംഖ്യാ വളർച്ച നിരക്ക് മന്ദഗതിയിൽ ആകുന്നതിന് കാരണമായതായി ഫെഡറൽ ഏജൻസി ചൂണ്ടിക്കാട്ടി. വിദേശത്തുനിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ വന്ന വലിയ കുറവാണ് ജനസംഖ്യാ വളർച്ചയെ പ്രധാനമായും ബാധിച്ചത്. 2026 ജൂലൈ ഒന്നിലെ കണക്കനുസരിച്ച് കാനഡയിലെ ജനസംഖ്യ 4,17,98,407 ആയി ഉയർന്നു. 2025 ജൂലൈയെ അപേക്ഷിച്ച് 1,89,425 പേരുടെ അല്ലെങ്കിൽ 0.5 ശതമാനത്തിൻ്റെ മാത്രം വർധനയാണ് ഉണ്ടായത്. ഒരു വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചയാണിത്.
1944/1945-ന് ശേഷം ഇത്രയും കുറഞ്ഞ ജനസംഖ്യാ വർധനവും, 1915/1916-ന് ശേഷം ഇത്രയും കുറഞ്ഞ വളർച്ചാ ശതമാനവും ഇതാദ്യമായാണ് കാനഡയിൽ രേഖപ്പെടുത്തുന്നത്. 2023/2024 ജൂലൈയിൽ 2.8 ശതമാനമായിരുന്ന വളർച്ചാ നിരക്ക് പിന്നീട് തുടർച്ചയായി കുറയുകയും, 2024/2025-ലെ 1.1 ശതമാനത്തിൽ നിന്ന് ഈ വർഷം വീണ്ടും പകുതിയായി ഇടിയുകയും ചെയ്തു. 2026 ഏപ്രിൽ ഒന്ന് മുതൽ ജൂലൈ ഒന്ന് വരെയുള്ള രണ്ടാം പാദത്തിൽ 80,343 പേരുടെ വർധന മാത്രമാണ് ഉണ്ടായത്. കോവിഡ് കാരണം കുടിയേറ്റം ഏതാണ്ട് പൂർണ്ണമായി തടസ്സപ്പെട്ട 2020-ലെ രണ്ടാം പാദത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണിത്.
അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞതോടെ രാജ്യത്തെ ജനങ്ങളുടെ ശരാശരി പ്രായവും ഉയർന്നിട്ടുണ്ട്. നിലവിൽ കാനഡയിലെ ജനങ്ങളുടെ ശരാശരി പ്രായം 42.1 വയസ്സാണ്. സ്റ്റഡി പെർമിറ്റുള്ളവരുടെ എണ്ണത്തിലുണ്ടായ വലിയ ഇടിവും (1,40,827 പേരുടെ കുറവ്), വർക്ക് ആൻഡ് സ്റ്റഡി പെർമിറ്റുള്ളവരുടെ കുറവുമാണ് (81,163 പേരുടെ കുറവ്) ഇതിന് പ്രധാന കാരണം. 2026-ന്‍റെ രണ്ടാം പാദത്തിൽ 99,148 പുതിയ കുടിയേറ്റക്കാരെയാണ് കാനഡ സ്വീകരിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 4.2 ശതമാനത്തിന്‍റെ കുറവാണിത്. രാജ്യത്ത് 65 വയസ്സിന് മുകളിലുള്ളവരുടെ അനുപാതം 20 ശതമാനമായി ഉയർന്നപ്പോൾ 0 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളുടെ എണ്ണം 15 ശതമാനമായി കുറഞ്ഞു.
വിവിധ പ്രവിശ്യകളിൽ, ഏറ്റവും കൂടുതൽ ജനസംഖ്യാ വളർച്ച ആൽബർട്ടയിലാണ് (1.5 ശതമാനം). ബ്രിട്ടീഷ് കൊളംബിയയിലാണ് ഏറ്റവും കുറഞ്ഞ വളർച്ച നിരക്ക് (0.1 ശതമാനം) രേഖപ്പെടുത്തിയത്. ജനനനിരക്കിന്‍റെ കാര്യത്തിൽ, 2025-ൽ ഒരു സ്ത്രീക്ക് 1.26 കുട്ടികൾ എന്ന നിരക്കിൽ ഫെർട്ടിലിറ്റി നിരക്ക് മാറ്റമില്ലാതെ തുടർന്നു. 2025-ൽ രാജ്യത്ത് 3,72,521 കുട്ടികൾ ജനിച്ചു. ഇത് 2024-നേക്കാൾ 1.6 ശതമാനം കൂടുതലാണ്. ഇതിൽ 51.3 ശതമാനം ആൺകുട്ടികളും 48.7 ശതമാനം പെൺകുട്ടികളുമാണ്.







