സാമ്പത്തിക പ്രതിസന്ധിയും പൊതുസുരക്ഷയും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി ജനങ്ങൾ ഉയർത്തിക്കാട്ടുന്ന ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പിൽ ഒലീവിയ ചൗവിന് വ്യക്തമായ മേൽക്കൈയെന്ന് പുതിയ സർവേ റിപ്പോർട്ട്. തുടർച്ചയായ വിലക്കയറ്റവും ഉയർന്ന വാടകനിരക്കുകളും സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരം കാരണം ഗണ്യമായ വിഭാഗം ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കളും കുടിയേറ്റക്കാരും, മറ്റൊരു നഗരത്തിലേക്ക് ചേക്കേറുന്നത് പരിഗണിക്കുന്നതായും സർവേയിൽ പറയുന്നു. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുമ്പോളും നിലവിലെ മേയർ ഒലീവിയ ചൗവിനു 59% ആളുകളുടെ ജനപിന്തുണയുണ്ടെന്ന് സർവേ കണ്ടെത്തി. മേയർ തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളിയായ ബ്രാഡ് ബ്രാഡ്ഫോർഡിനേക്കാൾ 15 പോയിൻ്റിന്റെ വ്യക്തമായ മുൻതൂക്കം ഒലീവിയ ചൗവിനുണ്ട്. അതേസമയം ആർക്ക് വോട്ട് ചെയ്യണമെന്ന് വോട്ടർമാരിൽ നാലിലൊന്ന് ഭാഗവും ഇപ്പോഴും തീരുമാനം എടുത്തിട്ടില്ലെന്നും സർവേ പറയുന്നു.
സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയ്ക്കൊപ്പം ടി.ടി.സി, ടൗൺ സ്വക്വയറുകൾ എന്നിവടങ്ങളിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളും സുരക്ഷാഭീതിയും വോട്ടർമാരുടെ രാഷ്ട്രീയ നിലപാടുകളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. പാർപ്പിട ലഭ്യത ഉറപ്പാക്കുന്നതിനും ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിനും കൃത്യമായ പദ്ധതികൾ മുന്നോട്ടുവെക്കുന്ന സ്ഥാനാർത്ഥികൾക്കായിരിക്കും നഗരവാസികൾ മുൻഗണന നൽകുക.
അടിസ്ഥാന സൗകര്യ വികസനവും ദിനംപ്രതിയുള്ള ജീവിതച്ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുകയെന്നതാണ് വരാനിരിക്കുന്ന ഭരണനേതൃത്വത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം പൗരന്മാരുടെ വ്യക്തിസുരക്ഷ ഉറപ്പുവരുത്താൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങളോടെയാണ് പ്രധാന സ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് മുന്നേറുന്നത്. അതിനാൽ തന്നെ, സാമ്പത്തിക പ്രതിസന്ധികൾക്ക് പ്രായോഗിക പരിഹാരം നിർദ്ദേശിക്കുന്ന നയസമീപനങ്ങൾക്കാകും ഒക്ടോബർ 26-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അന്തിമ ജനവിധിയെ നിർണ്ണയിക്കാൻ സാധിക്കുക.







