ഇന്ത്യൻ വംശജനായഅങ്കദ് സിങ് ധില്ലണെ യുഎഇയിലെ കാനഡയുടെ പുതിയ അംബാസഡറായി നിയമിച്ചതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. നിലവിലെ അംബാസഡറായ രാധ കൃഷ്ണ പാണ്ഡെയ്ക്ക് പകരക്കാരനായി അങ്കദ് സിങ് ചുമതലയേൽക്കും. പഞ്ചാബിലെ ലുധിയാനയിലുള്ള ഗുങ്‌റാന ഗ്രാമത്തിൽ നിന്നുള്ള അങ്കദ് സിങ് 2015-ൽ പീൽ (Peel) മേഖലയിൽ ലിബറൽ പാർട്ടി ഓഫ് കാനഡയുടെ ഫീൽഡ് ഓർഗനൈസർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ന്യൂബ്രൺസ്വിക് മൗണ്ട് ആലിസൺ സർവകലാശാലയിൽ നിന്ന് ഇന്‍റർനാഷണൽ റിലേഷൻ (International Relations) പഠനം പൂർത്തിയാക്കി.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഓഫീസിൽ ‘ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ആൻഡ് സ്റ്റേക്ക്‌ഹോൾഡർ റിലേഷൻസ്’ ആയി അങ്കദ് സിങ് ധില്ലൺ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, ചെറുകിട വ്യവസായം, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന രണ്ട് ഫെഡറൽ കാബിനറ്റ് മന്ത്രിമാരുടെ ‘ചീഫ് ഓഫ് സ്റ്റാഫ്’ ആയും അദ്ദേഹം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.







