പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നായ ഒസെംപിക്കിന്റെ വ്യാജ പതിപ്പ് യുഎസില്‍ വില്‍പ്പന നടത്തിയെന്നാരോപിച്ച് രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്. സ്വപ്നദീപ് റോയ്, വിക്കി രമന്‍ച എന്നിവര്‍ക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയത്. ചൈനയില്‍നിന്ന് വ്യാജ ഒസെംപിക് വാങ്ങി കുറഞ്ഞ വിലയ്ക്ക് യുഎസിലെ വിതരണക്കാര്‍ക്ക് വിറ്റതായാണ് ഫ്ലോറിഡയിലെ മിഡില്‍ ഡിസ്ട്രിക്റ്റ് ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയുടെ കുറ്റപത്രത്തിൽ പറയുന്നു.
ഇറ്റലിയില്‍നിന്ന് യുഎസിലേക്ക് കൈമാറിയ സ്വപ്നദീപ് റോയ് ടാമ്പയിലെ കോടതിയില്‍ ഹാജരായപ്പോള്‍ കുറ്റം നിഷേധിച്ചു. അതേസമയം രമന്‍ച ഇപ്പോഴും ഒളിവിലാണെന്നാണ് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കും പരമാവധി 71 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
2023 ജൂലൈ മുതല്‍ 2024 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് റോയിയും രമന്‍ചയും ചൈനയിലെ അനധികൃത കേന്ദ്രങ്ങളിൽ നിന്നും വ്യാജ ഒസെംപിക് വാങ്ങിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. യഥാര്‍ഥ ഒസെംപിക് തന്നെയാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മരുന്നിന്റെ പാക്കേജിങ്, ഉപയോഗ നിര്‍ദേശങ്ങള്‍, പേനയിലെ ലേബലുകള്‍, സൂചികള്‍ എന്നിവയുള്‍പ്പെടെയുള്ളവ വ്യാജമായി തയാറാക്കിയിരുന്നുവെന്നാണ് ആരോപണം. യുഎസില്‍ യഥാര്‍ഥ ഒസെംപിക്കിന് രോഗികള്‍ പ്രതിമാസം നൂറുകണക്കിന് ഡോളര്‍ വരെ ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് വ്യാജ മരുന്നുകള്‍ വിപണിയിലെത്തിച്ചതെന്നും അധികൃതര്‍ പറഞ്ഞു.







