ഗർഭകാലത്തും തന്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറാതെ കർമ്മനിരതയായിരിക്കുകയാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ്. കഴിഞ്ഞ ആഴ്ച കൊല്ലത്ത് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കറികൊടി വീശിയപ്പോൾ, തികഞ്ഞ ആത്മവിശ്വാസത്തോടെ ആ പ്രതിഷേധത്തെ പ്രതിരോധിച്ചത് ഹേമലതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു.
ഈ സംഭവ സമയം താൻ ഗർഭിണിയാണെന്ന കാര്യം പെട്ടെന്ന് ഓർമ്മ വന്നിരുന്നില്ലെന്നും, അപ്രതീക്ഷിതമായി ഉണ്ടായ സാഹചര്യത്തെ നേരിടുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി. ഉടൻ തന്നെ സഹപ്രവർത്തകർ ഓടിയെത്തി തന്നെ സുരക്ഷിതമായി പിന്നിലേക്ക് മാറ്റുകയായിരുന്നു. ഗർഭിണിയാണെന്ന കാരണത്താൽ തൊഴിലിടങ്ങളിൽ നിന്ന് സ്ത്രീകളെ പൂർണ്ണമായി മാറ്റിനിർത്തേണ്ടതില്ലെന്നും, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഒമ്പതു മാസവും ഫീൽഡിൽ ഇറങ്ങി ജോലി ചെയ്യാൻ താൻ തയ്യാറാണെന്നും ഹേമലത കൂട്ടിച്ചേർത്തു. സഹപ്രവർത്തകരിൽ നിന്നും വലിയ കരുതലും പിന്തുണയുമാണ് തനിക്ക് ലഭിക്കുന്നതെന്നും അവർ പറയുന്നു.
വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും മികച്ച രീതിയിൽ സമന്വയിപ്പിക്കുന്ന ഹേമലതയ്ക്ക് കാർത്തിക് എന്ന ഭർത്താവും എൽകെജിയിൽ പഠിക്കുന്ന ഒരു മകനുമാണുള്ളത്. കുടുംബത്തിന്റെ പൂർണ്ണ പിന്തുണ തനിക്കൊപ്പമുണ്ട്. കൊല്ലത്തെ ഔദ്യോഗിക ജീവിതത്തിൽ പൂർണ്ണ തൃപ്തയാണെന്നും പൊതുജനങ്ങളിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. അതേസമയം, അമിത് ഷായുടെ സന്ദർശന വേളയിൽ സുരക്ഷയിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, ജാമർ വാഹനം എത്തുന്നതിന് മുൻപ് പെട്ടെന്ന് ചാടിയിറങ്ങിയാണ് പ്രതിഷേധക്കാർ പ്രതിഷേധം സംഘടിപ്പിച്ചത് എന്നുമാണ് പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.







