ബ്രിട്ടീഷ് കൊളംബിയയിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ, വെടിവെപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട അഞ്ച് ഇന്ത്യൻ പൗരന്മാർക്കെതിരെ കേസെടുത്ത് ആർസിഎംപി. വാഹന ഡീലർഷിപ്പ് ഉടമകളെ വൻതുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ ലാംഗ്‌ലി ആർ.സി.എം.പി 2025 ജൂണിൽ ആരംഭിച്ച അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. കൂടാതെ ലാംഗ്‌ലി, സറേ മേഖലകളിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വെടിവെപ്പും തീവെപ്പും അടക്കമുള്ള അക്രമങ്ങളിലും അഞ്ച് പേരും പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ആയുധക്കടത്തും മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
‘പ്രോജക്ട് ഇ-പർസ്യൂവൻസ്’ എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിൽ നാല് പേരെ സറേയിൽ നിന്നും, മറ്റൊരാളെ ടൊറൻ്റോ വിമാനത്താവളത്തിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സങ്കേത് സിംഗ്‌ല, സാഹിൽ, സിമ്രൻജീത് സിങ്, ഹർഷ്, ജഗ്ദീപ് സിങ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവരിൽ നിന്ന് അനധികൃത തോക്കുകളും കൊക്കെയ്ൻ, ഫെൻ്റനൈൽ, ഒപ്പിയം തുടങ്ങിയ വീര്യമേറിയ ലഹരിമരുന്നുകളും പിടിച്ചെടുത്തു.







