ജനപ്രിയ മോഡലുകളിൽ സ്റ്റീയറിങ് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ ലോകമെമ്പാടുമായി 21 ലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു. സ്റ്റീയറിങ് ഗീയർബോക്സിനെ ഘടിപ്പിക്കുന്ന ബോൾട്ടുകളിൽ തുരുമ്പെടുക്കാനും, കടുത്ത സമ്മർദ്ദത്തിൽ അവ ഒടിഞ്ഞുപോയി സ്റ്റീയറിങ് പൂർണ്ണമായി പ്രവർത്തനരഹിതമാകാനും സാധ്യതയുണ്ടെന്ന് ജർമൻ ഫെഡറൽ മോട്ടോർ ട്രാൻസ്പോർട്ട് അതോറിറ്റി (കെ.ബി.എ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗോൾഫ്, ഗോൾഫ് വേരിയന്റ്, ടിഗ്വാൻ, ടൂറാൻ, കാഡി തുടങ്ങിയ മോഡലുകളെയാണ് ഈ തകരാർ ബാധിക്കുന്നത്.
2013 സെപ്റ്റംബർ മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിൽ നിർമ്മിച്ച വാഹനങ്ങളിലാണ് ഈ പ്രശ്നം കണ്ടെത്തിയിട്ടുള്ളത്. ജർമനിയിലെ 8,95,832 കാറുകൾ ഉൾപ്പെടെ ലോകത്താകെ 21,59,054 വാഹനങ്ങളാണ് ഈ തിരിച്ചുവിളിക്കലിന്റെ പരിധിയിൽ വരുന്നത്. എങ്കിലും, ഈ തകരാർ മൂലം ഇതുവരെ അപകടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വാഹനങ്ങൾ പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിരിക്കുന്നു.
ബാധിക്കപ്പെട്ട വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർണ്ണമായും സൗജന്യമായി ഫോക്സ്വാഗൺ ചെയ്തുനൽകും. തുരുമ്പെടുത്ത ബോൾട്ടുകൾക്ക് പകരം പുതിയവ ഘടിപ്പിച്ചു നൽകാനാണ് തീരുമാനം. ഇതിനായുള്ള കോഡ് 48VS എന്നും, കെ.ബി.എ റഫറൻസ് നമ്പർ 17016R എന്നുമാണ്. വാഹന ഉടമകൾക്ക് തങ്ങളുടെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (FIN) ഉപയോഗിച്ച് വാഹനം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. കൂടാതെ, കൂടുതൽ വിവരങ്ങൾക്കായി 0800 8655792436 എന്ന സൗജന്യ കസ്റ്റമർ കെയർ ഹെൽപ്ലൈൻ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.







