സുരക്ഷാ ആശങ്കയെ തുടർന്ന് കാനഡയിൽ വിറ്റഴിച്ച മൂന്ന് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. NTI, HTP ബ്രാൻഡുകളിലുള്ള റെസിഡൻഷ്യൽ ഗ്യാസ് ബോയിലറുകൾ, കുട്ടികൾക്കായുള്ള ‘ഹാർക്ല’ (Harkla) കംപ്രഷൻ സെൻസറി സ്വിംഗുകൾ, ‘ഡ്രിയോ’ (DREO) പോർട്ടബിൾ സ്പേസ് ഹീറ്ററുകൾ എന്നിവയാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ. ഈ ഉൽപ്പന്നങ്ങൾ നിർമ്മിച്ച കമ്പനികൾ, റിപ്പയർ കിറ്റുകൾ, ബോയിലർ പരിഷ്കരിക്കുക, ഹീറ്ററുകൾ മാറ്റി നൽകൽ തുടങ്ങി വിവിധ പരിഹാര മാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഹെൽത്ത് കാനഡ അറിയിച്ചു.
ബാധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ കൈവശമുള്ള ഉപയോഭോക്താക്കൾ അവയുടെ ഉപയോഗം “ഉടനടി നിർത്തിവെക്കണമെന്നും”, തുടർനടപടികൾക്കായി അതത് കമ്പനികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.
NTI, HTP റെസിഡൻഷ്യൽ ഗ്യാസ് ബോയിലറുകൾ
തീപിടുത്തം, കാർബൺ മോണോക്സൈഡ് വിഷബാധ എന്നിവയ്ക്ക് കാരണമാകുന്ന തകരാറിനെ തുടർന്നാണ് NTI, HTP റെസിഡൻഷ്യൽ ഗ്യാസ് ബോയിലറുകൾ തിരിച്ചുവിളിക്കുന്നത്. NTI-യുടെ FTVN, TFTN സീരീസുകളിലും, HTP-യുടെ EFTU സീരീസിലുമുള്ള ബോയിലറുകളെയാണ് ഈ നടപടി ബാധിക്കുന്നത്. 2021 മെയ് മുതൽ 2025 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കാനഡയിൽ ഏകദേശം 2,261 യൂണിറ്റുകൾ വിറ്റിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഉപയോക്താക്കൾ 1-800-688-2575 എന്ന നമ്പറിൽ വിളിക്കുകയോ, VCexchanger@ariston.com എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ ചെയ്യണം.
‘ഹാർക്ല’ ‘കംപ്രഷൻ സെൻസറി സ്വിംഗുകൾ’
സീലിങ് ഹുക്കുകൾ ഘടിപ്പിച്ചിരിക്കുന്ന പ്ലേറ്റിൽ നിന്ന് വേർപെട്ടുപോകാൻ സാധ്യതയുള്ളതിനാൽ ‘ഹാർക്ല’ (Harkla) ബ്രാൻഡിന്‍റെ കുട്ടികൾക്കായുള്ള ‘കംപ്രഷൻ സെൻസറി സ്വിംഗുകൾ’ (compression sensory swings) തിരിച്ചുവിളിച്ചു. ഇത് കുട്ടികൾ താഴെ വീഴുന്നതിനും ഗുരുതരമായ പരുക്കുകൾ സംഭവിക്കുന്നതിനും കാരണമാകുമെന്ന് ഫെഡറൽ ഏജൻസി പറയുന്നു. 2020 മാർച്ച് മുതൽ 2025 ഏപ്രിൽ വരെ കാനഡയിൽ 5,534 എണ്ണം വിറ്റഴിച്ചിട്ടുണ്ട്. തിരിച്ചുവിളിക്കപ്പെട്ട ഈ ഉൽപ്പന്നങ്ങളുടെ ഉപയോഗം ഉടൻ അവസാനിപ്പിക്കണമെന്നും റിപ്പയർ കിറ്റ് ലഭിക്കുന്നതിനായി ‘ഹാർക്ല’യുമായി (Harkla) ബന്ധപ്പെടണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.
DREO സ്പേസ് ഹീറ്ററുകൾ
അമിതമായി ചൂടാവാനും തീപിടിക്കാനും സാധ്യതയുള്ളതിനാൽ, DREO പോർട്ടബിൾ ഓസിലേറ്റിംഗ് സെറാമിക് സ്പേസ് ഹീറ്ററുകൾ തിരിച്ചു വിളിച്ചു. ഏകദേശം 29 സെന്റീമീറ്റർ വീതിയും 33 സെന്റീമീറ്റർ ഉയരവുമുള്ള, കറുത്ത നിറത്തിലുള്ള DR-HSH015 എന്ന മോഡൽ ഹീറ്ററുകളാണ് ബന്ധിക്കപ്പെട്ട ഉൽപ്പന്നം. കാനഡയിൽ 36,288 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. തിരിച്ചുവിളിച്ച ഹീറ്ററുകൾ ഉപഭോക്താക്കൾ “ഉടൻതന്നെ ഉപയോഗിക്കുന്നത് നിർത്തി” സൗജന്യമായി മാറ്റിസ്ഥാപിക്കുന്നതിന് DREO-യുമായി ബന്ധപ്പെടണം.







