സ്പെയിനിലുണ്ടായ ട്രെയിൻ അപകടത്തിൽ രണ്ട് കാനഡക്കാർക്ക് പരുക്കേറ്റതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ബുധനാഴ്ച രാവിലെ സ്പെയിനിലെ ടോളിഡോ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 68 ആയി ഉയർന്നു. അപകടത്തിൽ ഉൾപ്പെട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും ഇതിനായി ഫെഡറൽ സർക്കാർ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപകടത്തിൽപ്പെട്ട 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കാസ്റ്റില ലാ മാഞ്ചയിലെ പ്രാദേശിക ഭരണകൂടം റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തകർ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ അതിജീവിച്ചവർക്കും മൃതദേഹങ്ങൾക്കുമായി തിരച്ചിൽ തുടരുകയാണ്. തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് തെക്കുപടിഞ്ഞാറൻ സ്പെയിനിലെ സെവില്ലെയിലേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. സർക്കാർ ഉടമസ്ഥതയിലുള്ള RENFE കമ്പനിയുടെ ട്രെയിൻ, സ്വകാര്യ കമ്പനിയായ IRYO-യുടെ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. RENFE ട്രെയിനിൽ 397 യാത്രക്കാരും IRYO ട്രെയിനിൽ 147 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് മാഡ്രിഡ്, സിയുഡാഡ് റിയാൽ, അൻഡാലൂസിയ എന്നിവയ്ക്കിടയിലുള്ള റെയിൽ സർവീസുകൾ നിർത്തിവെച്ചു.







