പശ്ചിമഘട്ട വനപ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന അപൂർവയിനം ഹനുമാൻകുരങ്ങ് (ലംഗൂർ) പെരിയ ആയംപാറയിലെ ഉറുളംകോടിയിൽ നാട്ടിലിറങ്ങിയത് പ്രദേശവാസികൾക്കിടയിൽ കൗതുകമായി മാറിയിരിക്കുന്നു. വന്യതയിൽ നിന്ന് എത്തിയ ഈ ‘അതിഥി’ എവിടെ നിന്നാണ് എത്തിയതെന്ന് വ്യക്തമല്ലെങ്കിലും, ജില്ലയിലെ ഇരിയണ്ണി, റാണിപുരം തുടങ്ങിയ അടുത്തുള്ള വനമേഖലകളിൽ നിന്ന് കൂട്ടംതെറ്റി എത്തിയതാകാം എന്നാണ് കരുതുന്നത്.
സാധാരണ കുരങ്ങുകളിൽ നിന്നും ഏറെ വ്യത്യസ്തമായ ശാരീരിക പ്രത്യേകതകളുള്ളവയാണ് ഹനുമാൻകുരങ്ങുകൾ. മെലിഞ്ഞ ശരീരവും, ചാരനിറമോ മഞ്ഞ കലർന്നതോ ആയ രോമങ്ങളും, കറുത്ത മുഖവും കാതുകളും കൈകളുമാണ് ഇവയ്ക്കുള്ളത്. കൂടാതെ, ശരീരത്തിന്റെ നീളത്തേക്കാൾ വലിയ നീളമുള്ള വാലും ഇവയുടെ പ്രത്യേകതയാണ്. പ്രധാനമായും ഇലകളാണ് ഇവയുടെ പ്രധാന ഭക്ഷണം. നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണപ്പെടാത്ത ഈ വന്യജീവിയെ കാണാൻ നിരവധി ആളുകളാണ് എത്തിയത്.







