newsroom@amcainnews.com

അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി; അന്വേഷണം വഴിതിരിച്ചുവിടാൻ പറഞ്ഞ കഥകളോരോന്നായി പൊളിച്ച് പൊലീസ്, ഒടുവിൽ കേഡൽ ജിൻസൺ രാജ കുടുങ്ങി!

തിരുവനന്തപുരം: നന്തൻകോട് അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതി കേഡൽ ജിൻസൺ രാജ അന്വേഷണം വഴിതിരിച്ചുവിടാൻ വേണ്ടി കെട്ടിച്ചമച്ച ആസ്ട്രൽ പ്രൊജക്ഷൻ ഉൾപ്പെടെയുള്ള കഥകൾ പിന്നീട് ഒന്നൊന്നായി പൊളിഞ്ഞതോടെയാണ് പ്രതി കുറ്റക്കാരനാണെന്ന കണ്ടെത്തലിലേക്കു കോടതി എത്തിയിരിക്കുന്നത്. സാഹചര്യത്തെളിവുകൾ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിഗമനത്തിലേക്കു കോടതി എത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ദിലീപ് സത്യൻ പറഞ്ഞു.

കേസ് വഴിമുട്ടിനിന്ന ഘട്ടത്തിൽ കോടതി ഇടപെട്ടാണ് ദിലീപ് സത്യനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചത്. അച്ഛനോടും കുടുംബാംഗങ്ങളോടുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പിന്നീട് മനോരോഗവിദഗ്ധനോട് സമ്മതിച്ചതായും അഡ്വ. ദിലീപ് സത്യൻ പറഞ്ഞു. കൊലപാതകം, വീട് തീവച്ച് നശിപ്പിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

മാനസികാരോഗ്യവിദഗ്ധനായ ഡോ. മോഹൻ റോയ് പരിശോധനകൾ നടത്തി പ്രതിക്ക് മാനസികപ്രശ്‌നങ്ങൾ ഇല്ലെന്ന തരത്തിൽ നൽകിയ റിപ്പോർട്ടുകളും കേസിൽ നിർണായകമായി. 2017 ഏപ്രിൽ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോംപൗണ്ടിലെ 117–ാം നമ്പർ വീട്ടിൽ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേഡൽ ജിൻസൻ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തി എന്നാണു കേസ്.

കൊലപാതകങ്ങൾ ആഭിചാരക്രിയകളുടെ ഭാഗമാണെന്ന് പ്രതി ആദ്യം പറഞ്ഞിരുന്നെങ്കിലും അതിനുള്ള തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്ത ദിവസവും പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ആദ്യ ഏഴു ദിവസങ്ങളിലും മാനസികപ്രശ്നമുണ്ടായിരുന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ കുറ്റകൃത്യത്തിനായുള്ള സാധനങ്ങൾ വാങ്ങിയതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ ഉണ്ടായിരുന്നു.

പ്രതിക്ക് മാനസികപ്രശ്‌നങ്ങൾ ഉണ്ടോ എന്നറിയാൻ മനോരോഗവിദഗ്ധനായ ഡോ. മോഹൻ റോയിയുടെ സഹായം തേടിയിരുന്നു. പ്രതി കുറ്റംചെയ്ത രീതിയും തയാറെടുപ്പും മാനസികപ്രശ്നമുള്ളയാൾ പെരുമാറുന്ന രീതിയിൽ അല്ലെന്ന് അദ്ദേഹം തെളിവ് നൽകിയിട്ടുണ്ട്. കൃത്യം ചെയ്ത നാലാം തീയതി മുതൽ എട്ടാം തീയതി വരെ താൻ ഏതോ സ്ഥലത്ത് കറങ്ങിനടക്കുകയായിരുന്നെന്നും അച്ഛനും അമ്മയ്ക്കും എന്തോ നടന്നതായി മനസിലായപ്പോൾ താൻ നാട്ടിലേക്ക് തിരിച്ചെത്തിയതെന്നുമാണ് പ്രതി വിചാരണയ്ക്കിടെ പറഞ്ഞിരുന്നത്. അതിനാൽ ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് ചർച്ചചെയ്യേണ്ട സാഹചര്യമുണ്ടായില്ല.

എന്നെ എന്തിനാ ഇവിടെക്കൊണ്ടുവന്നത് എന്നാണ് അറസ്റ്റ് ചെയ്തപ്പോൾ പ്രതി പൊലീസിനോട് ചോദിച്ചത്. ആസ്ട്രൽ പ്രൊജക്ഷൻ തെറ്റിദ്ധരിപ്പിക്കാൻ പറഞ്ഞതാണെന്ന് പ്രതി വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ തലയ്ക്ക് പുറകിലായിരുന്നു മുറിവ്. മഴു ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. ഒരാളെ തലയ്ക്ക് പിറകിൽനിന്ന് എങ്ങനെ ആക്രമിക്കാമെന്ന വിഡിയോകൾ പ്രതി ഇന്റർനെറ്റിൽ കണ്ടിരുന്നു. അതിന് തെളിവുണ്ട്.

അറസ്റ്റ് ചെയ്ത് ഏഴു ദിവസം പ്രതിക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു. അതിനുശേഷം ജയിലിൽ വച്ച് സഹതടവുകാരനെ ആക്രമിച്ചതോടെയാണ് ചികിത്സയ്ക്കു പോകുന്നത്. ഡോക്ടറോട് പ്രതി പലതും വെളിപ്പെടുത്തി. അച്ഛനോട് വിരോധമുണ്ടെന്നും ജോലിയിൽനിന്ന് വിരമിച്ചശേഷം അച്ഛന് അമിതമായി മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നതായും പ്രതി പറഞ്ഞു. അച്ഛൻ തന്നെ ശകാരിച്ചിരുന്നതായും പ്രതി വെളിപ്പെടുത്തി. അമ്മയോടുൾപ്പെടെ പ്രതിക്ക് വിരോധമായിരുന്നു. കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം കുറവായിരുന്നു. ഒരു വീട്ടിലായിട്ടും ആഹാരം കഴിച്ചോ എന്നുപോലും മെസജുകളിലൂടെയാണ് ചോദിച്ചിരുന്നതെന്ന് ഇലക്‌ട്രോണിക് തെളിവുകളിൽനിന്നു വ്യക്തമായിരിന്നു.

വീട്ടുകാരോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായി പ്രതി ഡോക്ടറോട് വെളിപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. സാഹചര്യത്തെളിവുകൾ കണ്ടെത്തൽ വെല്ലുവിളി നിറഞ്ഞ കേസിൽ ഇപ്പോൾ കോഴിക്കോട് റൂറൽ എസ്പിയായ കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ണികൾ കൂട്ടിയിണക്കി അത് കൃത്യമായി ചെയ്തു. ആ തെളിവുകൾ കോടതിയിൽ നല്ലരീതിയിൽ അവതരിപ്പിക്കുകയായിരുന്നു തന്റെ ചുമതല. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് നാളെ വാദിക്കും. ശിക്ഷ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പബ്ലിക് പ്രോസിക്യൂട്ടർ ദിലീപ് സത്യൻ പറഞ്ഞു.

‘വെല്ലുവിളി നിറഞ്ഞ കേസ്’

ഏറെ വെല്ലുവിളികൾ നിറഞ്ഞ കേസായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കോഴിക്കോട് റൂറൽ എസ്പി കെ.ഇ.ബൈജു പറഞ്ഞു. ഒരു കുടുംബത്തിലെ 4 പേരാണ് കൊല്ലപ്പെട്ടത്. കൃത്യത്തിനു ശേഷം പ്രതി ചെന്നൈയിലേക്കു കടന്നു. പ്രതിയുടെ ഫോട്ടോ അവിടെ ടിവിയിൽ വന്നതോടെ അയാൾ തിരിച്ച് നാട്ടിലേക്കു മടങ്ങി. പിടിയിലായപ്പോൾ കൈയിലുണ്ടായിരുന്ന ബാഗിൽനിന്ന് കുടുംബാംഗങ്ങളുടെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്തി. രക്തക്കറ പുരണ്ട ഷൂസ് പിടിച്ചു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞു. മൃതദേഹം പൊതിഞ്ഞുവച്ചിരുന്ന പ്ലാസ്റ്റിക് ബാഗിൽനിന്ന് പ്രതിയുടെ വിരലടയാളം കണ്ടെത്താൻ കഴിഞ്ഞിരുന്നു.

പ്രതിയുടെ മാനസികനില സംബന്ധിച്ച സംശയങ്ങളാണ് കേസ് നീണ്ടു പോകാൻ കാരണമായത്. കൊലപാതകത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന വാദമാണ് പ്രതി ആദ്യം പറഞ്ഞത്. ആസ്ട്രൽ പ്രൊജക്ഷന്റെ കാര്യം പ്രതി പറഞ്ഞതു കൊണ്ടാണ് മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തത്. പരിശോധനകൾക്കു ശേഷം പ്രതിക്ക് മാനസികപ്രശ്‌നമില്ലെന്ന റിപ്പോർട്ടാണ് അവർ നൽകിയത്. ആയുധം വാങ്ങിയത്, തയാറെടുപ്പ്, കുറ്റകൃത്യം ചെയ്ത രീതി, തെളിവു നശിപ്പിക്കൽ എന്നിവ വിലയിരുത്തിയിരുന്നു. സഹോദരിയെ കുടുക്കാൻ വേണ്ടി ജോൺ ഡോൺസൻ എന്ന പേരിൽ വ്യാജ ഐഡി ഉണ്ടാക്കി ബന്ധപ്പെട്ട് ഐഇഎൽടിഎസ് പരീക്ഷ എഴുതാൻ റജിസ്‌ട്രേഷന് സഹായിക്കാം എന്നു പ്രതി പറഞ്ഞിരുന്നു. അത്രത്തോളം ബുദ്ധിപൂർവമാണ് പ്രതി കൃത്യങ്ങൾ നടത്തിയതെന്ന് എസ്പി പറഞ്ഞു.

‘ആസ്ട്രൽ പ്രൊജക്ഷൻ തെറ്റിദ്ധരിപ്പിക്കൽ നാടകം’

നന്തൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡൽ ജിൻസൺ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് പറഞ്ഞതെന്ന് കേഡിലിനെ പരിശോധിച്ച് റിപ്പോർട്ട് നൽകിയ കൊല്ലം മെഡിക്കൽ കോളജ് മാനസികാരോഗ്യവിഭാഗം മേധാവി ഡോ. മോഹൻ റോയ് പറഞ്ഞു. പൗരാണിക ഗ്രന്ഥങ്ങളിൽ പറയുന്ന തരത്തിൽ കൂടുവിട്ട് കൂടുമാറ്റം എന്നതാണ് ആസ്ട്രൽ പൊജക്ഷൻ എന്നു പറയുന്നത്. സ്വന്തമായോ മറ്റുള്ളവരുടെയും ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിച്ച് മറ്റൊരു ശരീരത്തിലേക്കു പ്രവേശിപ്പിക്കാൻ കഴിയുമെന്നാണ് പറയുന്നത്.

യഥാർഥത്തിൽ അങ്ങനെ ഒരു സംഭവം ഇല്ല. ഈ കേസിൽ പ്രതി പൊലീസിനെ വഴി തെറ്റിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്. അത്തരമൊരു കാര്യം പറഞ്ഞാൽ പൊലീസ് അതിന്റെ പിന്നാലെ പോകും എന്ന തെറ്റിദ്ധരണയുടെ പുറത്താണ് അങ്ങനെ ചെയ്തത്. പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേഡലിനോടു ചോദ്യങ്ങൾ ചോദിച്ചത്. എവിടെയൊക്കെയോ ചില പാളിച്ചകൾ ഉണ്ടെന്നു തോന്നി. തുടർന്ന് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ പറയുന്നത് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്നു ബോധ്യമായി. മാനസികപ്രശ്‌നമുള്ളവർ എന്തു കുറ്റകൃത്യം ചെയ്താലും ഇളവുകിട്ടുമെന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. അതു മാറാനും വലിയ തോതിൽ ചർച്ചയാകാനും ഈ കേസ് വഴിതെളിക്കുമെന്നും ഡോ. മോഹൻ റോയ് പറഞ്ഞു.

You might also like

വൻകൂവർ ദ്വീപിൽ കാട്ടുതീ പടരുന്നു: ജാഗ്രതാ നിർദ്ദേശം നൽകി വൈൽഡ്‌ഫയർ സർവീസ്

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

Serial killer 'Mosquito', who shook Brazil, arrested

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ‘കൊതുക്’ പിടിയിൽ

Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

ഇന്ത്യ–കാനഡ വ്യാപാര കരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡയിലേക്ക്

Top Picks for You
Top Picks for You