ബ്രസീലിനെ മുൾമുനയിൽ നിർത്തിയ ഹോർലാൻ ലോപ്പസ് ഡസിൽവ എന്ന 33 കാരനായ സീരിയൽ കില്ലർ ഒടുവിൽ പൊലീസിന്റെ പിടിയിലായി. ബ്രസീലിലെ പരായിബ സംസ്ഥാനത്തെ മൂലുങ്ഗു മേഖലയിൽ 16 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഡഗ്ലസ് ഗാർസിയയുടെ നേതൃത്വത്തിലുള്ള രഹസ്യ ദൗത്യത്തിലൂടെയാണ് ഈ കൊടുംകുറ്റവാളി പിടിയിലായത്.
വർഷങ്ങളോളം ആരും സംശയിക്കാതെ കാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മെലിഞ്ഞ ശരീരപ്രകൃതിയായതിനാലാണ് നാട്ടുകാർ ഇയാളെ ‘കൊതുക്’ എന്ന് വിളിച്ചിരുന്നത്. എന്നാൽ ഒരു 18 വയസ്സുകാരനെ വെടിവെച്ചുകൊന്ന സംഭവമാണ് ഇയാൾ തന്നെയാണ് സീരിയൽ കില്ലറെന്ന് തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഒരു കുഞ്ഞിനെ തട്ടിയെടുത്തു ആത്മഹത്യയ്ക്കും ഇയാൾ ശ്രമിക്കുകയുണ്ടായി. മുഖത്ത് ചായം പൂശിയും, കൃത്രിമ മുടി വെച്ചും, പെൺവേഷം ധരിച്ചുമാണ് ഇയാൾ കാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നത്.
താൻ ക്രിമിനലുകളെ മാത്രമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നാണ് ഇയാളുടെ അവകാശവാദമെങ്കിലും, ശേഖരിച്ച തെളിവുകൾ അത് തെറ്റാണെന്ന് തെളിയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. തൻ്റെ 13-ാം വയസ്സിലാണ് ആദ്യ കൊലപാതകം നടത്തിയതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കേസിന്റെ അന്വേഷണ പുരോഗതിക്കും പ്രോസിക്യൂഷന്റെ നടപടികൾക്കുമായി ഇരകളുടെ വിവരങ്ങളും കൊലപാതകങ്ങളുടെ വിശദാംശങ്ങളും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് പൊലീസ്.







