ന്യൂയോര്‍ക്ക് : നഗരത്തിലെ ബ്രൂക്ക്‌ലിനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേർ മരിച്ചു. നിക്കോള്‍ ഡാനിയേല സാല്‍വഡ റോഡ്രിഗസ് (9), കെവിന്‍ സാൻ്റിയാഗോ റെയ്‌സ് ഗോണ്‍സാലസ് (10), ഗബ്രിയേല്‍ സിഗുവെന്‍സിയ (22), ബാരി മമദൂ (23), ജോസ് ലൂയിസ് കാഗ്വാന കോസ്‌കില്ലോ (26), എഡ്ഗര്‍ സപോണ്‍ (26), ജുവാന്‍ ഡാനിയേല്‍ സാല്‍വഡ ഗുസ്മാന്‍ (31), എന്‍ഡിയേ മമദൂ (31) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റവരില്‍ നാല് അഗ്നിശമനസേനാംഗങ്ങളും ഉള്‍പ്പെടുന്നു. ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗം ആളുകളുടെയും നില തൃപ്തികരമാണെന്ന് മേയര്‍ സൊഹ്‌റാന്‍ മംദാനി അറിയിച്ചു. ഫ്‌ലാറ്റ്ബുഷ് മേഖലയിലെ ഫ്‌ലാറ്റ്ബുഷ്, ബെഡ്‌ഫോര്‍ഡ് അവന്യൂകള്‍ സംഗമിക്കുന്ന സ്ഥലത്താണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അപകടമുണ്ടായത്. സമീപത്തെ നിര്‍മാണ സ്ഥലത്ത് നടന്നുകൊണ്ടിരുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കെട്ടിടം തൊട്ടടുത്തുള്ള കുഴിയിലേക്ക് തകര്‍ന്നുവീണത്. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു മൂന്നുനില കെട്ടിടത്തിന്‍റെ ഭിത്തിയും തകര്‍ന്നതോടെ അപ്പാര്‍ട്ട്‌മെൻ്റുകള്‍ പുറത്തേക്ക് തുറന്നുകാണുന്ന നിലയിലായി.








