ഹോങ്കോങ് : മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ഉണ്ടായ തടസ്സം ഏഷ്യ മുതൽ യുഎസ് വരെയുള്ള രാജ്യങ്ങളിൽ പ്രശ്നം സൃഷ്ടിച്ചതായി റിപ്പോർട്ട്. സാങ്കേതിക ഭീമനായ മൈക്രോസോഫ്റ്റ് പ്രശ്നം പരിഹരിക്കാൻ പാടുപെടുന്നതിനിടെ, ഔട്ട്‌ലുക്ക് (Outlook), ടീംസ് (Teams) തുടങ്ങിയ മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തടസ്സം നിരവധി ഉപയോക്താക്കളെയും കമ്പനികളെയും ചില സർക്കാർ പ്രവർത്തനങ്ങളെയും ബാധിച്ചു. ലോകത്ത് ആകമാനം 430 ദശലക്ഷത്തിലധികം ആളുകൾ മൈക്രോസോഫ്റ്റ് 365 ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഔട്ട്‌ലുക്ക് ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് വിവിധ രാജ്യങ്ങളിലായി ഏകദേശം 130,000 ഉപയോക്താക്കൾ ‘ഡൗൺഡിറ്റക്ടർ’ (Downdetector) എന്ന ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് പരാതിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
എക്‌സ്‌ചേഞ്ച് ഓൺലൈൻ (Exchange Online), ഇമെയിൽ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മൈക്രോസോഫ്റ്റ് 365-ന്‍റെ വിവിധ സേവനങ്ങളെ ഈ തടസ്സം ബാധിച്ചതായി വെള്ളിയാഴ്ച നൽകിയ അപ്‌ഡേറ്റിൽ മൈക്രോസോഫ്റ്റ് അറിയിച്ചു. ഔട്ട്‌ലുക്ക്, ടീംസ്, എഐ അസിസ്റ്റൻ്റായ കോപൈലറ്റ് (Copilot) തുടങ്ങിയ സേവനങ്ങൾ തടസ്സപ്പെട്ടതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.
സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മൈക്രോസോഫ്റ്റിന്‍റെ തീവ്രശ്രമം
വാഷിങ്ടണിലെ റെഡ്‌മണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി, പ്രശ്നകാരണം കണ്ടെത്താനും സെർവറുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കാനും വിവിധ മാർഗങ്ങൾ പരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു. “ബാധിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തുന്നതിനും നന്നാക്കുന്നതിനുമായി ചിട്ടയായ സമീപനമാണ്” സ്വീകരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഈ തടസ്സം ഏതെങ്കിലും തരത്തിലുള്ള ദുരുദ്ദേശ്യപരമായ പ്രവർത്തനങ്ങൾ (malicious activity) മൂലമുണ്ടായതാണെന്നതിന് സൂചനകളൊന്നുമില്ലെന്നും, പ്രശ്നം പൂർണ്ണമായും പരിഹരിക്കുന്നതുവരെ ഇതിനെ “അടിയന്തര പ്രാധാന്യത്തോടെ” കൈകാര്യം ചെയ്യുമെന്നും കമ്പനി അറിയിച്ചു.








