കാൽഗറി : കടുത്ത വരൾച്ച, അസാധാരണമായ ചൂട്, ശക്തമായ കാറ്റ് വീശാനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത് നഗരത്തിൽ തീപിടിത്ത സാധ്യതാ മുന്നറിയിപ്പ് (‘ഫയർ അഡ്വൈസറി’) നൽകി കാൽഗറി സിറ്റി. നിലവിലെ സാഹചര്യത്തിൽ ഉണങ്ങിയ പുല്ല്, വീണുകിടക്കുന്ന ഇലകൾ, മറ്റ് എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവയുടെ സമീപത്ത് തീപിടിത്തങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുജനനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സിറ്റി അധികൃതർ അഭ്യർത്ഥിച്ചു.
ഫയർ പിറ്റുകൾ, ബാർബിക്യൂകൾ, ക്യാമ്പ് ഫയറുകൾ എന്നിവയുൾപ്പെടെ ഖര ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണം. കാറ്റുള്ള സമയങ്ങളിൽ തീ കത്തിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. തീ ഉപയോഗിച്ച ശേഷം അത് പൂർണ്ണമായും അണച്ചുവെന്ന് ഉറപ്പാക്കണം, തീ അണയ്ക്കാൻ സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തീ കത്തിക്കാൻ പാടുള്ളൂ എന്നും നിർദ്ദേശമുണ്ട്.
‘ബിയർസ്പോ സൗത്ത് ഫീഡർ മെയിൻ’ (Bearspaw South Feeder Main) പൈപ്പ്ലൈനിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കാൽഗറിയിൽ നിലവിൽ ജല ഉപയോഗത്തിന് ‘സ്റ്റേജ് 4’ നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ജാഗ്രതാ നിർദ്ദേശവും നൽകിയിരിക്കുന്നത്.







