വാഷിങ്ടൺ ഡി.സി. : അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലെ ലോഗൻ സർക്കിളിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന വ്യക്തിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് ലോഗൻ സർക്കിളിന് സമീപമുള്ള നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിരുന്നു. സമീപത്തെ സ്കൂളുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
വൈറ്റ് ഹൗസിൽനിന്ന് ഏകദേശം ഒരു മൈൽ അകലെ വ്യാപാരസ്ഥാപനങ്ങളും താമസകെട്ടിടങ്ങളും ഉൾപ്പെടുന്ന ജനസാന്ദ്രതയേറിയ മേഖലയിലാണ് വെടിവെപ്പ് നടന്നത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് ലോഗൻ സർക്കിളിന് സമീപമുള്ള VIDA Fitness ജിമ്മിൽ വെടിവെപ്പ് ആരംഭിച്ചത്. ജിമ്മിനുള്ളിൽ ഒരാളെ വെടിവെച്ചുകൊന്നശേഷം അക്രമി സമീപപ്രദേശത്തുണ്ടായിരുന്ന മറ്റ് നാലുപേർക്കുനേരെയും വെടിയുതിർത്തതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. അന്വേഷണം പുരോഗമിക്കുന്നു.








