വാഷിങ്ടൺ : അമേരിക്കന്‍ ആരോഗ്യ-മനുഷ്യസേവന വകുപ്പ് സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ കോണ്‍ഗ്രസിന്‍റെ സ്ഥിരീകരണ വിചാരണയ്ക്കിടെ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന ആരോപണത്തില്‍ രണ്ട് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ അന്വേഷണം ആരംഭിച്ചു. 2019-ല്‍ പസഫിക് ദ്വീപ് രാഷ്ട്രമായ സമോവയിലേക്ക് കെന്നഡി നടത്തിയ സന്ദര്‍ശനത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം അദ്ദേഹം കോണ്‍ഗ്രസിനെ തെറ്റിദ്ധരിപ്പിച്ചതായാണ് അന്വേഷണം.
ഓറിഗനിൽ നിന്നുള്ള സെനറ്റര്‍ റോണ്‍ വൈഡനും മേരിലാന്‍ഡില്‍നിന്നുള്ള സെനറ്റര്‍ ആഞ്ചല ആള്‍സോബ്രൂക്‌സുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. നവംബര്‍ 11-ന് കെന്നഡി മുമ്പ് നേതൃത്വം നല്‍കിയിരുന്ന ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സ് എന്ന സംഘടനയ്ക്ക് അയച്ച കത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. 2019-ലെ സമോവ സന്ദര്‍ശനത്തിന് വാക്‌സിനുകളുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കെന്നഡിയുടെ വിശദീകരണം. സമോവയിലെ ആരോഗ്യരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിക്കാനാണ് താന്‍ അവിടെ പോയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അസോസിയേറ്റഡ് പ്രസും ദി ഗാര്‍ഡിയനും പുറത്തുകൊണ്ടുവന്ന രേഖകള്‍ ഈ വിശദീകരണവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് പുതിയ ആരോപണം.
2019 ജനുവരി 20-ന് സമോവയുടെ അന്നത്തെ പ്രധാനമന്ത്രി ടുയിലേപ സൈലെലെ മാലിയേലെഗാവോയിക്ക് കെന്നഡി അയച്ച കത്തില്‍ മീസില്‍സ്, മംപ്‌സ്, റുബെല്ല എന്നിവയ്‌ക്കെതിരായ എംഎംആര്‍ വാക്‌സിനെക്കുറിച്ച് പഠിക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ആ കത്തില്‍ വാക്‌സിന്‍ അല്ലെങ്കില്‍ വാക്‌സിനേഷന്‍ എന്ന വാക്കുകള്‍ എട്ടുതവണ ഉപയോഗിച്ചതായും അന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ രേഖകളാണ് കെന്നഡി കോണ്‍ഗ്രസില്‍ നല്‍കിയ വിശദീകരണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാന്‍ പ്രധാന കാരണം.
പുതിയ അന്വേഷണത്തിന്‍റെ ഭാഗമായി കെന്നഡിയുടെ സമോവ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കത്തുകള്‍, ഇമെയിലുകള്‍, സാമ്പത്തിക രേഖകള്‍, യാത്രാസംബന്ധമായ വിവരങ്ങള്‍ എന്നിവ ഹാജരാക്കാന്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 2024-ലെ കെന്നഡിയുടെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണം, 2025-ലെ സെനറ്റ് സ്ഥിരീകരണ നടപടികള്‍, ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയശേഷം ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സ് സംഘടനയും ഫെഡറല്‍ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ആശയവിനിമയങ്ങള്‍ എന്നിവയുടെ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ നാലിനകം രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.








