വാഹന ഉടമകൾക്ക് വാർഷിക പ്രീമിയത്തിൽ വലിയ സാമ്പത്തിക ആശ്വാസമായി പുതിയ ‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ് സംവിധാനം ഒരുക്കി ആൽബർട്ട സർക്കാർ. ദീർഘകാലമായി തുടരുന്ന കോടതി കേസുകളും നിയമപരമായ ചെലവുകളും ഒഴിവാക്കി, അപകടത്തിൽപ്പെടുന്നവർക്ക് വേഗത്തിൽ ചികിത്സാ സഹായവും പുനരധിവാസ ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ് സംവിധാനം നടപ്പിലാക്കുന്നതെന്ന് ആൽബർട്ട ഓട്ടോമൊബൈൽ ഇൻഷുറൻസ് റേറ്റ് ബോർഡ് (AIRB) അറിയിച്ചു. ഇതിലൂടെ ഒരു വാഹന ഉടമയ്ക്ക് ഇൻഷുറൻസ് തുകയിൽ ഏകദേശം 13.7 ശതമാനത്തിൻ്റെ കുറവുണ്ടാകുമെന്ന് ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡയും വ്യക്തമാക്കി.
യുവ ഡ്രൈവർമാർക്കും ചെറുപ്പക്കാരായ ഡ്രൈവർമാരുള്ള കുടുംബങ്ങൾക്കുമാണ് ഈ മാറ്റത്തിലൂടെ ഏറ്റവും ഉയർന്ന സാമ്പത്തിക ആനുകൂല്യം ലഭിക്കുക. പുരുഷന്മാരായ യുവ ഡ്രൈവർമാരുടെ പ്രീമിയം നിരക്കിൽ 30% വരെ കുറവ് പുതിയ സംവിധാനത്തിലൂടെ ഉണ്ടാകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമേ, ഇടത്തരം പ്രായക്കാരായ വാഹന ഉടമകൾക്ക് വാർഷിക പ്രീമിയത്തിൽ 14% വരെയും മുതിർന്ന പൗരന്മാർക്ക് 20% വരെയും ഇളവുകൾ ലഭ്യമാകുമെന്നും AIRB പറയുന്നു. ആൽബർട്ടയിലെ 3.2 ദശലക്ഷത്തോളം ഡ്രൈവർമാർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.







