കനേഡിയൻ പാർലമെൻ്റ് അംഗവും ലിബറൽ പാർട്ടി നേതാവുമായ സൽമ സാഹിദിൻ്റെ വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ 24 വയസ്സുള്ള യുവാവിനെ ടൊറൻ്റോ പോലീസ് അറസ്റ്റ് ചെയ്തു. റോഷ്വിൻ ക്രോഫ്റ്റൺ എന്നയാളെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. എംപിയുടെ വസതിയുടെ ഡ്രൈവ്വേയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇന്ധനമൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് വാഹനങ്ങൾ പൂർണ്ണമായും കത്തിനശിക്കുകയും മൂന്നാമതൊരു വാഹനത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ലഭ്യമായ ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. ജീവനും സ്വത്തിനും നാശനഷ്ടം വരുത്താൻ ശ്രമിക്കൽ, ഗൂഢാലോചന, പൊതുമുതൽ നശിപ്പിക്കൽ, മുൻകൂർ ജാമ്യവ്യവസ്ഥകളുടെ ലംഘനം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടാമത്തെ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി ടൊറൻ്റോ പോലീസ് വക്താവ് അറിയിച്ചു.







