ആൽബർട്ടയുടെ തലസ്ഥാനമായ എഡ്മിന്റനിൽ അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ്റ്റോപ്പിലേക്ക് ഇടിച്ചു കയറി ഒരാൾ മരിക്കുകയും ഒരു കുഞ്ഞ് ഉൾപ്പെടെ നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 8:55 ഓടെ 97 സ്ട്രീറ്റ്, 118 അവന്യൂവിലായിരുന്നു സംഭവം. സ്ട്രീറ്റ് റേസിങിനിടെയുണ്ടായ അപകടമാണിതെന്ന് പൊലീസ് അറിയിച്ചു.
118 അവന്യൂവിൽ നിന്ന് 97-ാം സ്ട്രീറ്റിലൂടെ 2004 മോഡൽ യമഹ YZFR6 മോട്ടോർസൈക്കിളും ബിഎംഡബ്ല്യു (BMW) കാറും തമ്മിൽ മത്സരയോട്ടം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 120 അവന്യൂവിന് സമീപമെത്തിയപ്പോൾ 18 വയസ്സുള്ള കൗമാരക്കാരൻ ഓടിച്ചിരുന്ന ബൈക്ക് നടപ്പാതയുടെ വക്കിലേക്ക് (curb) വാഹനം കയറ്റുകയും 120 അവന്യൂവിലുള്ള ബസ് ഷെൽട്ടറിലേക്ക് ഇടിച്ചുകയറുകയും ചെയ്യുകയായിരുന്നു. ബസ് ഷെൽട്ടറിൽ കാത്തുനിന്ന 21 വയസ്സുകാരനായ യുവാവിന് ഗുരുതരമായി പരുക്കേൽക്കുകയും ഇയാൾ പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തു. 46 വയസ്സുകാരനായ ഒരാൾക്കും 18 വയസ്സുകാരിയായ യുവതിക്കും ഗുരുതരമായ പരുക്കുകൾ പറ്റിയിട്ടുണ്ട്. യുവതിയുടെ 10 മാസം പ്രായമുള്ള മകന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ബൈക്ക് ഓടിച്ച യുവാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ മരണം സംഭവിക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനും, ഗുരുതരമായ ശാരീരിക പരുക്കുകൾക്ക് കാരണമാകുന്ന രീതിയിൽ വാഹനം ഓടിച്ചതിന് മൂന്ന് കേസുകളും ചുമത്തിയിട്ടുണ്ട്. റേസിങ്ങിൽ ഉൾപ്പെട്ട ബി.എം.ഡബ്ല്യു കാറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 780-423-4567 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് എഡ്മിന്റൻ പൊലീസ് സർവീസ് അഭ്യർത്ഥിച്ചു.







