കാനഡയിൽ നിന്ന് ആൽബർട്ട പ്രവിശ്യയെ വേർപിരിക്കണോ എന്ന ചോദ്യമുയർത്തി നിർണായക റഫറണ്ടം വോട്ടെടുപ്പ് ഒക്ടോബർ 19-ന് നടക്കും. കുടിയേറ്റ നയം, ഭരണഘടനാ പരിഷ്കരണം, കാനഡയിൽ തുടരണോ അതോ രാജ്യം വിടുന്നതുമായി ബന്ധപ്പെട്ട് നിർബന്ധിത സ്വഭാവമുള്ള രണ്ടാമതൊരു റഫറണ്ടം നടത്തണോ തുടങ്ങിയവ ഉൾപ്പെടെ ഈ ശരത്കാല റഫറണ്ടത്തിൽ 10 ചോദ്യങ്ങളാണുള്ളത്. ആൽബർട്ടയിലെ ഏകദേശം 30 ലക്ഷത്തോളം വരുന്ന വോട്ടർമാരിൽ 80 മുതൽ 85 ശതമാനം വരെ ആളുകൾ വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഇലക്ഷൻസ് ആൽബർട്ട പറയുന്നു.
ചൊവ്വാഴ്ച മുതൽ മുൻകൂർ വോട്ടിങ് (അഡ്വാൻസ് വോട്ടിങ്) ആരംഭിക്കും. ചൊവ്വ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 8 വരെ പ്രവിശ്യാ നിവാസികൾക്ക് മുന്നൂറിലധികം കേന്ദ്രങ്ങളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താമെന്ന് ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു. കൂടാതെ റഫറണ്ടം നടക്കുന്ന ദിവസമായ ഒക്ടോബർ 19-ന് ആയിരത്തി നാനൂറിലധികം പോളിങ് സ്റ്റേഷനുകൾ പൂർണ്ണമായി സജ്ജീകരിച്ചിട്ടുണ്ടെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.







