ഇറാനുമായുള്ള യുദ്ധം വൈകാതെ അവസാനിക്കുമെന്നും, ഇതിന്റെ ഫലമായി ആഗോളവിപണിയിൽ എണ്ണവില കുത്തനെ കുറയുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനിന്റെ ആണവശക്തി അമേരിക്ക പൂർണ്ണമായും തകർത്തു കഴിഞ്ഞതായും വാഷിങ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ സമ്പദ്വ്യവസ്ഥ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണെന്നും, യുദ്ധം അവസാനിക്കുന്നതോടെ ഇന്ധന വില താഴേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ട്രംപിന്റെ ഈ വാദങ്ങൾക്കെതിരെ ഇറാൻ സർക്കാരും അമേരിക്കൻ ഭരണകൂടത്തിലെ മറ്റ് പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം പരാജയങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കാൻ വേണ്ടിമാത്രമുള്ള വെറും അവകാശവാദങ്ങളാണ് ട്രംപിന്റേതെന്ന് ഇറാൻ വക്താവ് ഫാത്വിമൊഹാജിറാനി പ്രതികരിച്ചു. അതേസമയം, ഇറാനുമായുള്ള ഏഴ് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കണമെങ്കിൽ അവർ തങ്ങളുടെ ആണവ സമ്പുഷ്ടീകരണ ശേഷി ഗണ്യമായി കുറയ്ക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.







