എഡ്മിന്‍റൻ : കഴിഞ്ഞ മാസം ആൽബർട്ടയിലെ കനേഡിയൻ ഫോഴ്‌സസ് ബേസ് (CFB) വെയ്ൻറൈറ്റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് മറ്റൊരു സൈനികൻ കൂടി മരിച്ചു. ഒക്ടോബർ 17-നുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ വില്യം ഡഗ്ലസ് ഡാൽ ബിയാങ്കോയാണ് മരിച്ചത്. ‘പ്രിൻസസ് പാട്രീഷ്യയുടെ കനേഡിയൻ ലൈറ്റ് ഇൻഫൻട്രി’യുടെ (Princess Patricia’s Canadian Light Infantry) മൂന്നാം ബറ്റാലിയൻ അംഗമായ വില്യം ഒൻ്റാരിയോയിൽ ചികിത്സയിലായിരുന്നു.
സൈനിക താവളത്തിൽ വെടിവെപ്പ് പരിശീലനം (live fire training) നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റ് തീ പടരാൻ കാരണമായി. തീ അഡ്മിനിസ്‌ട്രേറ്റീവ് മേഖലയിലേക്ക് പടർന്നതോടെ നാല് കനേഡിയൻ സായുധ സേന അംഗങ്ങൾ മരിക്കുകയും 43 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തെ തുടർന്ന് മരിക്കുന്ന അഞ്ചാമത്തെ സൈനികനാണ് ഡാൽ ബിയാങ്കോ. എഡ്മിന്‍റൻ സ്വദേശി സർജൻ്റ് മോർഗൻ വോങ്, പ്രിൻസ് ആൽബർട്ട് (സസ്കാച്വാൻ) സ്വദേശിയായ ഷോൺ ഫാരൽ, നോർത്ത് വൻകൂവർ (ബ്രിട്ടിഷ് കൊളംബിയ) സ്വദേശിയായ എയ്ഡൻ ഗൗൾഡിങ്, ലാങ്‌ലി (ബ്രിട്ടിഷ് കൊളംബിയ) സ്വദേശിയായ ഹെയ്ഡൻ ലൈക്ക്മാർക്ക് എന്നിവരാണ് മരിച്ച നാലുപേർ.
വില്യം ഡഗ്ലസ് ഡാൽ ബിയാങ്കോയുടെ മരണത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി, കൺസർവേറ്റിവ് ലീഡറും പ്രതിപക്ഷ നേതാവുമായ പിയേർ പൊളിയേവ് എന്നിവർ അനുശോചനം അർപ്പിച്ചു.








