വൻകൂവർ : ഭവനവിപണിയിൽ വർധിച്ചു വരുന്ന വെല്ലുവിളികൾ കാരണം 2026 നാലാം പാദത്തിലും പ്രവിശ്യയിൽ വീടുകളുടെ വിൽപ്പന കുറയുമെന്ന് ബി.സി. റിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രവചിക്കുന്നു. ഇന്ധനവില വർധന, യുഎസുമായുള്ള വ്യാപാര തർക്കങ്ങൾ, കുടിയേറ്റ നിരക്കിലെ കുറവ്, പലിശ നിരക്ക് വർധന തുടങ്ങിയയാണ് ഭവനവിൽപ്പനയിലെ ഇടിവിന് കാരണമായി അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, 2027-ൽ വീടുകളുടെ വിൽപ്പനയിലും വിലയിലും ഉണർവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നാലാം പാദത്തിൽ, വീടുകളുടെ വിൽപ്പനയിൽ 4.5% ഇടിവുണ്ടാകുമെന്നും, ആകെ 67,000- യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കപ്പെടുകയുള്ളൂ എന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം ബി.സിയിൽ (B.C.) നിലവിൽ വിൽപ്പനയ്ക്കുള്ള വീടുകളുടെ എണ്ണം 2015-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. കൂടാതെ പുതിയ വീടുകളുടെ സ്റ്റോക്കും (inventory) വർധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വിതരണ സമ്മർദ്ദം (supply pressure) കാരണം വീടുകളുടെ ശരാശരി വിലയിൽ 1.2% കുറവുണ്ടാകുമെന്നും, അത് ഏകദേശം 941,000 ഡോളറിലേക്ക് താഴുമെന്നും അസോസിയേഷൻ പ്രവചിക്കുന്നു.
2027-ൽ വിൽപ്പനയിൽ 7.2% വർധനയുണ്ടാകുമെന്നും ഭവനവിപണിയിൽ ഒരു “മിതമായ തിരിച്ചുവരവ്” (modest recovery) പ്രതീക്ഷിക്കാമെന്നും റിപ്പോർട്ട് പറയുന്നു. അമേരിക്ക ഏർപ്പെടുത്തിയ പുതിയ താരിഫുകളുടെ ആഘാതം കുറയുന്നതും, സ്ഥിര പലിശ നിരക്കുകളിലുള്ള (fixed mortgage rates) കുറവും ഇതിന് കാരണമാകുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
ഗ്രേറ്റർ വൻകൂവറിൽ ഈ വർഷം 23,000 വീടുകൾ വിറ്റഴിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 3% കുറവാണ്. അതേസമയം, ഫ്രേസർ വാലിയിൽ 4.4% കുറഞ്ഞ് 11,000 വീടുകൾ മാത്രമേ വിറ്റഴിക്കപ്പെടുകയുള്ളൂ. ലോവർ മെയിൻലാൻഡിലെ ചില്ലിവാക്ക് (Chilliwack) മേഖലയിലാണ് ഏറ്റവും വലിയ ഇടിവ് പ്രതീക്ഷിക്കുന്നത്. ഇവിടെ കഴിഞ്ഞ വർഷം 2,300 യൂണിറ്റുകൾ വിറ്റഴിച്ചിരുന്ന സ്ഥാനത്ത് ഈ വർഷം അത് 1,900 ആയി കുറയുമെന്ന് കണക്കാക്കപ്പെടുന്നു.








