newsroom@amcainnews.com

നിയന്ത്രണങ്ങൾ തിരിച്ചടിയാകുന്നു: അമേരിക്കയെയും ബ്രിട്ടനെയും കൈവിട്ട് വിദേശ വിദ്യാർത്ഥികൾ

ആംസ്റ്റർഡാം : കർശനമായ വീസ നിയമങ്ങളും കുടിയേറ്റ നിയന്ത്രണങ്ങളും കാരണം അന്താരാഷ്ട്ര വിദ്യാർത്ഥികൾ അമേരിക്കയെയും ബ്രിട്ടനെയും കൈവിട്ട് ഏഷ്യയിലെയും യൂറോപ്പിലെയും സർവകലാശാലകളിലേക്ക് തിരിയുന്നതായി ആഗോള സർവേ റിപ്പോർട്ട്. സ്റ്റഡിപോർട്ടൽസ്, നാഫ്സ, ഓക്സ്ഫോർഡ് ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് എന്നിവർ സംയുക്തമായി 63 രാജ്യങ്ങളിലെ 437 സർവകലാശാലകളിൽ നടത്തിയ പഠനത്തിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഈ നിർണ്ണായക മാറ്റം വ്യക്തമായത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒക്ടോബർ-ഓഗസ്റ്റ് കാലയളവിൽ അന്താരാഷ്ട്ര ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ ബ്രിട്ടനിൽ 19 ശതമാനത്തിന്‍റെയും അമേരിക്കയിൽ 13 ശതമാനത്തിന്‍റെയും വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കാനഡയിലും ഓസ്‌ട്രേലിയയിലും വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞപ്പോൾ, ഏഷ്യൻ രാജ്യങ്ങളിലെയും യൂറോപ്യൻ ഭൂഖണ്ഡത്തിലെയും സർവകലാശാലകളിൽ പ്രവേശനം ഗണ്യമായി വർദ്ധിച്ചു.

നിയന്ത്രണങ്ങൾ തിരിച്ചടിയാകുന്നു

വീസ ലഭിക്കുന്നതിലെ കാലതാമസം, കർശനമായ സുരക്ഷാ പരിശോധനകൾ, പഠനശേഷമുള്ള തൊഴിൽ വീസ നിയമങ്ങളിലെ മാറ്റങ്ങൾ എന്നിവയാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്നത്. അമേരിക്കയിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വിദേശ വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ പരിശോധനകൾ കർശനമാക്കുകയും ആയിരക്കണക്കിന് വീസകൾ റദ്ദാക്കുകയും ചെയ്തത് വലിയ തിരിച്ചടിയായി. വരും വർഷങ്ങളിലും വിദ്യാർത്ഥികളുടെ എണ്ണം ഇനിയും കുറയുമെന്നാണ് അമേരിക്കൻ സർവകലാശാലകളിൽ മൂന്നിലൊന്നും ആശങ്കപ്പെടുന്നത്.

അതേസമയം, കുടിയേറ്റം കുറയ്ക്കുന്നതിന്‍റെ ഭാഗമായി വിദേശ വിദ്യാർത്ഥികൾ ആശ്രിതരെ കൂടെ കൊണ്ടുവരുന്നതിന് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയതും, പഠനശേഷം രാജ്യത്ത് തുടരാനുള്ള കാലാവധി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതും യുകെ സർവകലാശാലകൾക്ക് തിരിച്ചടിയായി. സ്വദേശി വിദ്യാർത്ഥികളേക്കാൾ ഉയർന്ന ഫീസ് നൽകുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് ഈ രാജ്യങ്ങളിലെ സർവകലാശാലകളുടെ ഗവേഷണ-പഠന ചെലവുകളെയും സാമ്പത്തിക ഭദ്രതയെയും സാരമായി ബാധിക്കും. സർക്കാർ നയങ്ങൾ വിദ്യാർത്ഥികളുടെ ഭാവി തീരുമാനങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ സർവേ ഫലമെന്ന് നാഫ്സ സി.ഇ.ഒ ഡോ. ഫാന്‍റ ഓ വ്യക്തമാക്കി.

You might also like

പ്രവാസികൾക്ക് ആശ്വാസം; പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സെബി

US aircraft evacuated from second UK base due to Iran threat, WSJ reports

ഇറാൻ ഭീഷണിയെ തുടർന്ന് രണ്ടാമത്തെ ബ്രിട്ടീഷ് വ്യോമതാവളത്തിൽ നിന്നും വിമാനങ്ങൾ ഒഴിപ്പിച്ച് അമേരിക്ക

ക്യൂബയിൽ സൈനിക നടപടിക്ക് സാധ്യത: ഡോണൾഡ് ട്രംപ്

‘ചാരവിവാദം’; എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്ങ് പുറത്തേക്ക്

Several confirmed dead in collapsed NYC building as massive rescue operation continues

ന്യൂയോർക്കിൽ കെട്ടിടം തകർന്നു വീണ് നിരവധി മരണം; വൻ രക്ഷാപ്രവർത്തനം തുടരുന്നു

ശക്തമായ മഴയും കാറ്റും: ബി.സി.യിലുടനീളം വൈദ്യുതി തകരാർ

Top Picks for You
Top Picks for You