മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗ്രൗണ്ടിൽ അനുമതിയില്ലാതെ കാർ കയറ്റി അഭ്യാസം കാണിച്ച വാഹന ഉടമയ്ക്ക് പഞ്ചായത്ത് 57,212 രൂപ പിഴ ചുമത്തി. ഈ വർഷത്തെ കേരളോത്സവ മത്സരങ്ങൾ നടത്തുന്നതിനായി പഞ്ചായത്ത് സജ്ജീകരിച്ച മൈതാനത്താണ് ഉടമ കാറുമായി പ്രകടനം നടത്തിയത്. ഇതിനെത്തുടർന്ന് ഗ്രൗണ്ടിന് കേടുപാടുകൾ സംഭവിക്കുകയും ഉപയോഗശൂന്യമാവുകയും ചെയ്തതിനെ തുടർന്നാണ് പഞ്ചായത്ത് ശക്തമായ നടപടിയുമായി രംഗത്തെത്തിയത്.
മൈതാനം പൂർവസ്ഥിതിയിലാക്കാൻ 47,212 രൂപ ചെലവ് വരുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിനോടൊപ്പം 10,000 രൂപ പിഴയും ചേർത്താണ് മൊത്തം 57,212 രൂപ അടയ്ക്കാൻ നിർദേശിച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം തുക പഞ്ചായത്തിൽ അടച്ചില്ലെങ്കിൽ നിയമനടപടികൾക്കായി കേസ് പോലീസിന് കൈമാറുമെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.







