ടൊറന്റോ സിറ്റി ഹാളിലെ നവീകരണ പ്രവർത്തനങ്ങളെയും തടസ്സങ്ങളെയും തുടർന്ന് 2027 ജനുവരി 1 മുതൽ അവിടെ വിവാഹ ബുക്കിംഗുകൾ നിർത്തിവെച്ചതായി നഗരസഭ അറിയിച്ചു. ആസൂത്രണം ചെയ്തിട്ടുള്ള നിർമ്മാണവും ആധുനികവൽക്കരണ ജോലികളും കാരണം നിലവിലെ സർവീസ് ദാതാക്കളായ ‘മിനിസ്റ്റീരിയൽ അസോസിയേറ്റ്സിന്’ തുടർന്നു പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. നഗരസഭ 2027 മാർച്ച് 31 വരെ ഹ്രസ്വകാല കാലാവധി നീട്ടിനൽകാൻ തയ്യാറായെങ്കിലും സേവന ദാതാക്കൾ അത് നിരസിക്കുകയായിരുന്നു. ഇതോടെ 2026 ഡിസംബർ 31-ന് ശേഷം സിറ്റി ഹാളിൽ മൂന്നാം കക്ഷി വിവാഹ സേവന ദാതാക്കൾ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ 30 വർഷമായി സേവനം അനുഷ്ഠിച്ചു പോരുന്ന ഈ സംവിധാനം പെട്ടെന്ന് നിർത്തലാക്കുന്നത് 2027-ൽ വിവാഹം കഴിപ്പാൻ പദ്ധതിയിട്ട നിരവധി ദമ്പതികളെ കടുത്ത അനിശ്ചിതാവസ്ഥയിലാക്കിയിട്ടുണ്ട്. നിലവിൽ ഡൗൺടൗൺ ലൊക്കേഷനിൽ പുതിയ ബുക്കിംഗുകൾ സ്വീകരിക്കുന്നില്ലെന്നും നോർത്ത് യോർക്ക്, സ്കാർബറോ, യോർക്ക് എന്നീ സിവിക് സെന്ററുകളിലെ ഹാളുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും നഗരസഭ വെബ്സൈറ്റിലൂടെ വ്യക്തമാക്കി. ഇവിടെ ദമ്പതികൾ സ്വന്തം നിലയ്ക്ക് വിവാഹ കാർമികരെ (Officiants) കണ്ടെത്തേണ്ടി വരും.
സിവിക് സെന്ററുകളിൽ വിവാഹം നിശ്ചയിക്കുന്നതും സ്വന്തമായി കാർമികരെ എത്തിക്കുന്നതും വലിയ സാമ്പത്തിക ഭാരവും സങ്കീർണ്ണതകളും ഉണ്ടാക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വലിയ തുക ചെലവഴിക്കാൻ സാധിക്കാത്ത സാധാരണക്കാർ, പുതിയ കുടിയേറ്റക്കാർ, എൽ.ജി.ബി.റ്റി.ക്യു (LGBTQ+) സമൂഹം എന്നിവരെയാണ് ഇത് കൂടുതൽ ബാധിക്കുക. പെട്ടെന്നുണ്ടായ ഈ തീരുമാനത്തെ തുടർന്ന് ബദൽ മാർഗ്ഗങ്ങൾ തേടി ദമ്പതികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സഹായം തേടുകയാണ്. അതേസമയം, ഭാവിയിൽ സിറ്റി ഹാളിലെ വിവാഹച്ചടങ്ങുകൾ പുനരാരംഭിക്കുന്നതിനായുള്ള ദീർഘകാല സാധ്യതകൾ നഗരസഭ ആലോചിച്ചു വരികയാണ്.







