ഉന്നത വിദ്യാഭ്യാസത്തിനായി യുഎസിലേക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെയും അവരുടെ ആശ്രിതരുടെയും എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. യുഎസ് കൊമേഴ്സ് വകുപ്പിന്‍റെ ഇന്‍റർനാഷണൽ ട്രേഡ് അഡ്മിനിസ്ട്രേഷന്‍റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഓഗസ്റ്റിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവിൽ 39 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ശരത്കാല സെമസ്റ്ററിന് മുന്നോടിയായി സാധാരണയായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ എത്തുന്ന ഓഗസ്റ്റിൽ, ഇത്തരത്തിലുള്ള ഇടിവ് തുടർച്ചയായ മൂന്നാം വർഷമാണ് സംഭവിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നാൽപ്പതിനായിരത്തിലധികം പേർ എത്തിയ സ്ഥാനത്ത് ഇത്തവണ ഇരുപത്തിയയ്യായിരത്തിലധികം പേർ മാത്രമാണ് എത്തിച്ചേർന്നത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം യാത്രകൾ തടസ്സപ്പെട്ട വർഷത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കർശനമായ യു.എസ് വീസ പരിശോധനകൾ, അപ്പോയിന്റ്മെൻ്റുകളിലും പ്രോസസ്സിങ്ങിലുമുള്ള കാലതാമസം, വീസ നിരസിക്കൽ നിരക്കിലെ വർധന, പഠനത്തിന് ശേഷമുള്ള തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉയർന്ന വിദ്യാഭ്യാസ ചെലവും വിദേശ കറൻസികളുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും ഇന്ത്യൻ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും വിദേശ പഠന പദ്ധതികൾ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമാണ് വിദ്യാർത്ഥികളുടെ വരവിലുള്ള ഇടിവ് കൂടുതൽ വേഗത്തിലായത്. വീസ അപേക്ഷകർ തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധനയ്ക്കായി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നിർദ്ദേശിച്ചിരുന്നു. ഇന്ത്യൻ അപേക്ഷകർക്കുള്ള എഫ്-വൺ വീസ നിരസിക്കൽ നിരക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പഠനത്തിനു ശേഷമുള്ള തൊഴിൽ പരിശീലന പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് വന്ന പുതിയ നിർദ്ദേശങ്ങളും വിദ്യാർത്ഥികളിലും കുടുംബങ്ങളിലും ആശങ്ക വർധിപ്പിച്ചു. വീസ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളും തൊഴിൽ വിപണിയിലെ അനിശ്ചിതത്വങ്ങളും കാരണം പല വിദ്യാർത്ഥികളും മറ്റ് രാജ്യങ്ങളെ ആശ്രയിക്കാനോ പഠനം മാറ്റിവെക്കാനോ തയ്യാറെടുക്കുന്നതായി വിദ്യാഭ്യാസ കൺസൾട്ടൻ്റുകൾ വ്യക്തമാക്കുന്നു.







