യൂഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ വീണ്ടും സൈനിക ആക്രമണങ്ങൾ നടത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ പുതിയ കരാറിലെത്തിയില്ലെങ്കിൽ ഫെബ്രുവരിയിൽ നടന്നതിന് സമാനമായ ‘ഓപ്പറേഷൻ എപിക് ഫ്യൂരി’ എന്ന സൈനിക നടപടി ആവർത്തിക്കുമെന്നാണ് ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ പാർട്ടി ക്യാംപെയിനിൽ വെച്ച് ട്രംപ് വ്യക്തമാക്കിയത്. അന്ന് നടന്ന ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അടക്കമുള്ളവർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ വഴി ഇറാന്റെ ആണവ സമ്പുഷ്ടീകരണ സംവിധാനങ്ങൾ തകർത്ത കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ ആഴ്ച അവസാനം ഇറാൻ ആക്രമിക്കപ്പെട്ടേക്കാമെന്ന് തുർക്കിയിലെ യുഎസ് അംബാസഡർ ടോം ബാറാക്ക് സൂചിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെയും ഈ ഭീഷണി.
അതേസമയം, യുഎസിന്റെയും ഇസ്രയേലിന്റെയും ഇത്തരം നീക്കങ്ങൾക്ക് ശക്തമായ മറുപടിയുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. തീകൊണ്ട് കളിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ, ആക്രമണങ്ങൾ തുടർന്നാൽ കടലിനടിയിലെ കമ്മ്യൂണിക്കേഷൻ കേബിളുകൾ തകർത്തു കളയുമെന്ന് വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും, കരാറുകൾ സംബന്ധിച്ച ചർച്ചകൾക്ക് യുഎസ് എപ്പോഴും തയ്യാറാണെന്ന് ടോം ബാറാക്ക് ഒരു പോഡ്‌കാസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.







