newsroom@amcainnews.com

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ടു; പൾസർ സുനി ഉൾപ്പെടെ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാർ, ശിക്ഷ 12ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ടു. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് വിധിന്യായത്തിൽ പറഞ്ഞു. ശിക്ഷാവിധി 12 ന് പറയും. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്നും കോടതി പറഞ്ഞു. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും തന്റെ കരിയറും ജീവിതവും നശിപ്പിക്കാനായിരുന്നു അതെന്നും കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാർഥിച്ചവരോടും നന്ദി പറയുന്നെന്നുമായിരുന്നു വിധി വന്ന ശേഷം ദിലീപിന്റെ പ്രതികരണം. അതേസമയം, സർക്കാർ അപ്പീൽ പോകുമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു.

എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ് എന്നീ പ്രതികളാണ് കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. 2017 ഫെബ്രുവരി 17 ന് അങ്കമാലിയിൽ വച്ച വാഹനത്തിൽ അതിക്രമിച്ചു കയറി നടിയെ പീഡിപ്പിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്ന കേസിൽ എ‌‌‌ട്ടു വർഷത്തിനു ശേഷമാണ് വിധി വരുന്നത്.

കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടൻ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേൽക്കോടതികളിൽ നൽകിയ ഉപഹർജികളും അപ്പീലും വിചാരണ നീണ്ടുപോകാൻ കാരണമായി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മാസങ്ങളോളം വിചാരണ നിർത്തിവച്ചാണു തുടരന്വേഷണം നടത്തിയത്. ഇത് അന്തിമ വിധിയല്ലെന്നായിരുന്നു കേസ് അന്വേഷിച്ച പൊലീസ് സംഘത്തിന്റെ മേധാവിയായിരുന്ന ബി. സന്ധ്യയുടെ പ്രതികരണം. മേൽക്കോടതിയിൽ എന്തു സംഭവിക്കുമെന്ന് നോക്കാം. ഗൂഢാലോചന എപ്പോഴും ഒരു വെല്ലുവിളിയാണെന്നും സന്ധ്യ പറഞ്ഞു.

എന്നും അതിജീവിതയ്ക്ക് ഒപ്പമാണെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഒരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. അതിനായി കർശന നടപടി സ്വീകരിക്കും. കോടതി വിധി പുറത്തു വന്നശേഷം കൂടുതൽ പ്രതികരണം നടത്താം. കോടതി ശിക്ഷിച്ച കാരണവും വെറുതെവിട്ട കാരണവും അറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

തുടർനടപടി വിധിപ്പകർപ്പ് വന്നശേഷം ആലോചിക്കുമെന്ന് അഭിഭാഷകൻ രാമൻപിള്ള പ്രതികരിച്ചു. ‘‘ഒരു തെളിവുമില്ലാത്ത ഇത്തരമൊരു ചാർജ് വക്കീൽ ജീവിതത്തിൽ കണ്ടിട്ടില്ല. 200 സാക്ഷികളെ വിസ്തരിച്ചു. അഭിഭാഷകർ മാറിയില്ലെങ്കിൽ കേസ് വൈകില്ലായിരുന്നു. പ്രതിയെ വേട്ടയാടി. ബാലചന്ദ്രകുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഭാഗം. അയാൾ പറഞ്ഞത് കള്ളമായിരുന്നു. ദിലീപിനെ പ്രതിയാക്കാൻ ബൈജു പൗലോസിനെ അന്വേഷണം ഏൽപ്പിക്കുകയായിരുന്നു. സീനിയർ ഉദ്യോഗസ്ഥയ്ക്ക് ഇതിൽ പങ്കുണ്ട്. ആ ഉദ്യോഗസ്ഥൻ അവസാനംവരെയും ടീമിലുണ്ടായിരുന്നു. ഗൂഢാലോചനയെക്കുറിച്ച് ഞാൻ അന്വേഷിച്ചിട്ടില്ല’’–രാമൻപിള്ള.

പ്രമുഖ നടീനടന്മാരും സംവിധായകരും ഉൾപ്പെടെ 261 സാക്ഷികളെ വിസ്തരിക്കാൻ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതിൽ സിനിമക്കാരും നടൻ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേർ മൊഴിമാറ്റി. മൊഴികളിൽ വ്യക്തത വരുത്താനുള്ള തുടർവാദങ്ങൾക്കും നടപടിക്രമങ്ങൾക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറൻസിക് റിപ്പോർട്ടുകൾ അടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്.

You might also like

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Top Picks for You
Top Picks for You