ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2026 (കൊയ്ത്തുത്സവം) സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31 ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ ദേവാലയ അങ്കണത്തിലാണ് വിപുലമായ പരിപാടികളോടെ കൊയ്ത്തുത്സവം നടക്കുക.
ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തയ്യാറാക്കിയ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2026 ലോഗോ റവ. ഫാ. പി. കെ. വര്‍ഗീസ് പ്രകാശനം ചെയ്തു. ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോണ്‍, റവ. ഫാ. മാത്തുക്കുട്ടി വര്‍ഗീസ് കോറെപ്പിസ്കോപ്പാ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഇടവക സെക്രട്ടറി മോന്സണ് പുന്നൂസും ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ സുബിന് ജോണും ചേര്‍ന്ന് ലോഗോ റവ. ഫാ. പി. കെ. വര്‍ഗീസിന് സമര്‍പ്പിച്ചു. ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ ഫുഡ് കൂപ്പൺ ആദ്യ വില്‍പ്പന ഡോ. എബ്രഹാം മാര്‍ സെറാഫിം, ഇടവകയിലെ സീനിയര്‍ അംഗമായ റവ. ഫാ. പൗലോസ് പീറ്ററിന് നല്കി നിര്‍വഹിച്ചു.
ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിച്ചുവരുന്നു. കേരളത്തിന്റെ തനത് രുചികള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ ഒരുക്കുന്ന ഫുഡ് സ്റ്റാളുകള്‍, തട്ടുകട, ചായക്കട എന്നിവ ഉള്‍പ്പെടെ രുചിവൈവിധ്യങ്ങളുടെ വലിയൊരു ഉത്സവത്തിനാണ് ഇത്തവണ സെൻ്റ് മേരീസ് വേദിയൊരുക്കുന്നത്.







