ആൽബർട്ട അതിർത്തി വഴി അമേരിക്കയിൽ നിന്നും കാനഡയിലേക്ക് കടത്താൻ ശ്രമിച്ച കോടികൾ മൂല്യമുള്ള കൊക്കെയ്ൻ പിടിച്ചെടുത്തതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. തെക്കൻ ആൽബർട്ടയിലെ കൗട്ട്സ് (Coutts) അതിർത്തിയിൽ നടന്ന പരിശോധനയിലാണ് രണ്ടു ട്രക്കുകളിൽ നിന്നായി ആകെ 475 പൗണ്ട് (215.5 കിലോഗ്രാം) കൊക്കെയ്ൻ പിടിച്ചെടുത്തത്.
ജൂലൈ 26-ന് നടന്ന പരിശോധനയിൽ ഒരു ട്രക്കിൽ നിന്നും നാല് പെട്ടികളിലായി ഒളിപ്പിച്ചുവെച്ച നിലയിൽ 80 പാക്കറ്റ് കൊക്കെയ്ൻ ഉദ്യോഗസ്ഥർ കണ്ടെത്തി. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന ഒരാളെയും അറസ്റ്റ് ചെയ്തു. ഈ വാഹനത്തിൽ നിന്ന് ആകെ 200 പൗണ്ട് (90.94 കിലോഗ്രാം) കൊക്കെയ്ൻ പിടിച്ചെടുത്തതായി CBSA അറിയിച്ചു. ജൂലൈ 31-ന് നടന്ന മറ്റൊരു പരിശോധനയിൽ മറ്റൊരു ട്രക്കിൽ നിന്നും 107 പാക്കറ്റ് കൊക്കെയ്ൻ കണ്ടെത്തി. ആകെ 275 പൗണ്ട് (124.6 കിലോഗ്രാം) കൊക്കെയ്നാണ് ഈ ട്രക്കിൽ നിന്നും പിടിച്ചെടുത്തത്. ഈ ട്രക്കിന്‍റെ ഡ്രൈവറെയും അറസ്റ്റ് ചെയ്തു.
ലഹരിമരുന്നുകൾ രാജ്യത്തേക്ക് എത്തുന്നതും ജനങ്ങളിലേക്ക് എത്തുന്നതും തടയാൻ അതിർത്തി ഉദ്യോഗസ്ഥർ കാണിക്കുന്ന ജാഗ്രതയുടെ തെളിവാണ് ഈ ലഹരിവേട്ടയെന്ന് CBSA പ്രയറി റീജനൽ ജനറൽ ഡയറക്ടർ ജാനലി ബെൽ-ബോയ്ചുക്ക് പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം ആൽബർട്ടയിൽ നിന്ന് 1,054 കിലോഗ്രാം കൊക്കെയ്ൻ ഉൾപ്പെടെ 1,292 അനധികൃത ലഹരി കടത്തുകളാണ് സേന തടഞ്ഞത്.







