വൻകൂവർ : ബ്രിട്ടീഷ് കൊളംബിയയിലെ കോട്ട്നേ ലേക്ക് മേഖലയിൽ സ്കങ്ക് റാബീസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 15-നും സെപ്റ്റംബർ 4-നും ഇടയിലാണ് രോഗം ബാധിച്ച സ്കങ്കിൽ നിന്ന് വൈറസ് പടരാൻ സാധ്യതയുണ്ടെന്ന് ഇൻ്റീരിയർ ഹെൽത്തും ബി.സി. സെന്‍റർ ഫോർ ഡിസീസ് കൺട്രോളും മുന്നറിയിപ്പ് നൽകി.
സ്കങ്കുമായി സമ്പർക്കത്തിലായവരെ പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകിയതായി ഇൻ്റീരിയർ ഹെൽത്ത് അറിയിച്ചു. പ്രദേശത്ത് സ്കങ്കുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായിട്ടുള്ള എല്ലാവരും പരിശോധനയ്ക്ക് തയ്യാറാകണം. ഓഗസ്റ്റ് 15-ന് ശേഷം സ്കങ്കിന്‍റെ കടിയോ പോറലോ ഏറ്റിട്ടുള്ളവർ ഉടൻ തന്നെ അടുത്തുള്ള പബ്ലിക് ഹെൽത്ത് ഓഫീസിലോ ഡോക്ടറുടെ അടുത്തോ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലോ ചികിത്സ തേടണം. സ്കങ്കിന്‍റെ കടിയോ പോറലോ ഏറ്റിട്ടുള്ള വളർത്തുമൃഗങ്ങളെ വെറ്ററിനറി ഡോക്ടറെ കാണിക്കണം.
തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിക്കുന്ന ഗുരുതരമായ വൈറസ് രോഗമാണ് പേവിഷബാധ. രോഗബാധിതമായ മൃഗങ്ങളുടെ കടിയിലൂടെയോ പോറലിലൂടെയോയാണ് ഇത് മനുഷ്യരിലേക്ക് പടരുന്നത്. സ്കങ്കിന്‍റെ മൂത്രം, കാഷ്ടം എന്നിവയിലൂടെ രോഗം പകരില്ല. പ്രവിശ്യയിൽ വവ്വാലുകളാണ് പേവിഷബാധയുടെ പ്രധാന ഉറവിടം. പുറമേക്ക് രോഗലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ വൈറസിനെ പേറാനും മറ്റുള്ളവയിലേക്ക് പകർന്നുനൽകാനും ഇവയ്ക്ക് കഴിയും. അപൂർവ്വമായി മാത്രമേ മറ്റു മൃഗങ്ങളിലേക്ക് ഇത് പടരാറുള്ളൂ. മനുഷ്യരിൽ പേവിഷബാധ വരുന്നത് വളരെ അപൂർവ്വമാണ്. രോഗം ബാധിച്ചാൽ മരണം സംഭവിക്കാമെങ്കിലും, മൃഗങ്ങളുടെ സമ്പർക്കമുണ്ടായ ഉടൻ തന്നെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്താൽ രോഗം പൂർണ്ണമായും തടയാൻ സാധിക്കും.







