ഒൻ്റാരിയോ ബ്രാൻ്റ്ഫോർഡ്-ബ്രാൻ്റ് സൗത്ത് റൈഡിങ് എംപിയും കൺസർവേറ്റീവ് പാർട്ടി അംഗവുമായ ലാറി ബ്രോക്ക് ഹൗസ് ഓഫ് കോമൺസിൽ നിന്ന് ഔദ്യോഗികമായി രാജി വെച്ചു. കഴിഞ്ഞ മാസം അദ്ദേഹം സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബ്രാൻ്റ്ഫോർഡ്-ബ്രാൻ്റ് സൗത്ത് റൈഡിങിലും നിലവിൽ ഒഴിവുള്ള മറ്റ് അഞ്ച് റൈഡിങ്ങിലും വരും മാസങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും.
കഴിഞ്ഞ ഒരു വർഷത്തിനിടെ പിയേർ പൊളിയേവിന്റെ പാർലമെൻ്ററി സംഘത്തിൽ (കോക്കസ്) നിന്ന് പുറത്തുപോകുന്ന ആറാമത്തെ എംപിയാണ് ബ്രോക്ക്. ഇതിൽ നാല് അംഗങ്ങൾ ലിബറൽ സർക്കാരിനൊപ്പം ചേർന്നപ്പോൾ, റിച്ചാർഡ് മാർടെൽ ഈ വേനൽക്കാലത്ത് സെനറ്റിലേക്ക് മാറി. അതേസമയം ഈ വാരാന്ത്യത്തിൽ ബ്രാൻ്റ്ഫോർഡിൽ ഒരു റാലി സംഘടിപ്പിക്കാൻ കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് പദ്ധതിയിടുന്നുണ്ട്.







