ടെക്സസ് എയര്‍ നാഷണല്‍ ഗാര്‍ഡിന്‍റെ F-16 യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ മിഷിഗണില്‍ തകര്‍ന്നുവീണു. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. വിമാനാപകടവുമായി ബന്ധപ്പെട്ട് അപകടകരമായ രാസവസ്തുക്കള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അപകടസ്ഥലത്തിന് ഒരു മൈല്‍ ചുറ്റളവിലുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിച്ചു. മിഷിഗണിലെ ആല്‍പീനയിലുള്ള എയര്‍ നാഷണല്‍ ഗാര്‍ഡിന്‍റെ കോംബാറ്റ് റെഡിനസ് ട്രെയിനിങ് സെന്‍ററില്‍ നിന്നാണ് F-16 ഫൈറ്റിംഗ് ഫാല്‍ക്കണ്‍ പതിവ് പരിശീലന ദൗത്യത്തിനായി പറന്നുയര്‍ന്നത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് പരിശീലനത്തിനായി മിഷിഗണിലെത്തിയ ടെക്സസ് എയര്‍ നാഷണല്‍ ഗാര്‍ഡിന്‍റെ മറ്റു എല്ലാ വിമാനങ്ങളും ഉടന്‍ നിലത്തിറക്കി. അടുത്ത 24 മണിക്കൂറിലേക്ക് പരിശീലനം നിര്‍ത്തിവെച്ചു. അപകടത്തിന്‍റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.







