കാലിഫോർണിയ : നഗരത്തിലെ യോസെമിറ്റി ദേശീയോദ്യാനത്തില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. യൂറോകോപ്റ്റര്‍ എഎസ്-32 ഹെലികോപ്റ്ററില്‍ രണ്ടു പൈലറ്റുമാരാണ് ഉണ്ടായിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
തീ അണയ്ക്കുന്നതിനായി ഹെലികോപ്റ്ററില്‍ നിന്നും വെള്ളം ഒഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യോസെമിറ്റിയിലെ ഓസ്ട്രാന്‍ഡര്‍ തടാകത്തിന് സമീപം ഡോം ഫയര്‍ പടരുന്ന മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ മരിച്ച പൈലറ്റുമാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച ഉച്ചയോടെ കണ്ടെടുത്തതായി ഡോം ഫയര്‍ ദൗത്യ മേധാവി കാലിഫോർണിയ കോംപ്ലക്‌സ് ഇന്‍സിഡൻ്റ് മാനേജ്‌മെൻ്റ് ടീം വക്താവ് അറിയിച്ചു. സ്വകാര്യ സ്ഥാപനമായ പിസിഷന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഹെലികോപ്റ്റർ. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു.
ഡോം ഫയര്‍ അണയ്ക്കുന്നതിനായി ഏകദേശം അറുന്നൂറോളം കര-വ്യോമ സേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബര്‍ 15ന് ആരംഭിച്ച തീ ഇതിനകം 3,200 ഏക്കറിലധികം പ്രദേശത്തേക്ക് പടര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ തീയുടെ 15 ശതമാനം നിയന്ത്രണവിധേയമാക്കിയതായി അഗ്‌നിശമന സേന അറിയിച്ചു. കുത്തനെയും ദുര്‍ഘടവുമായ ഭൂപ്രദേശം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തീ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ വെല്ലുവിളിയാണെന്നും അധികൃതര്‍ പറഞ്ഞു.







