വാഷിങ്ടൺ : എയര്‍ ട്രാഫിക് കണ്ട്രോള് കേന്ദ്രത്തില്‍ ഉണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ആയിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ആറായിരത്തിലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തു. നെവാര്‍ക്കും ഫിലഡൽഫിയയുമാണ് തകരാറിന്റെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്. തിങ്കളാഴ്ച രാവിലെ ഫിലഡൽഫിയയിലെ എയര്‍ ട്രാഫിക് കണ്ട്രോള് കേന്ദ്രത്തില്‍ സര്‍ക്യൂട്ട് തകരാറിലായതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു. ഫിലഡൽഫിയയിലെ സര്‍ക്യൂട്ട് മാറ്റുന്നതിനായി വടക്കുകിഴക്കന്‍ മേഖലയിലെ വ്യോമപാത താല്‍ക്കാലികമായി അടയ്ക്കേണ്ടിവന്നതായും അധികൃതര്‍ വ്യക്തമാക്കി.
അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനായി ഫിലഡൽഫിയയിലും നെവാര്ക്കിലുമുള്ള വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഇതിനിടെ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലും ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലും ഗ്രൗണ്ട് സ്റ്റോപ്പ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ വിമാനത്താവളങ്ങളിലെ വ്യോമപാതകള്‍ വീണ്ടും തുറന്നു. തകരാറിലായ ടെലികോം ലൈനുകള്‍ നന്നാക്കിയതായും വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം പുനരാരംഭിക്കുകയാണെന്നും ഗതാഗത സെക്രട്ടറി സീന്‍ ഡഫി അറിയിച്ചു.
സാങ്കേതിക തകരാര്‍ വടക്കുകിഴക്കന്‍ അമേരിക്കയിലുടനീളവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വിമാന സര്‍വീസുകളെ ബാധിച്ചു. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചിലത് റദ്ദാക്കുകയോ വൈകുകയോ ചെയ്തു. നിലവിലുള്ള എല്ലാ തകരാറുകളും പരിഹരിക്കാന്‍ കുറച്ച് സമയം വേണ്ടിവരുമെന്നും യാത്രക്കാര്‍ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി തങ്ങളുടെ വിമാനക്കമ്പനിയുമായി ബന്ധപ്പെടണമെന്നും ഡഫി അറിയിച്ചു.







