പാലക്കാട് അലനല്ലൂരിൽ 20 അടിയോളം ഉയരമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിൽ അകപ്പെട്ട മൂന്നുവയസ്സുകാരിയെ നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി രക്ഷപ്പെടുത്തി. അലനല്ലൂർ എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരായ അസം സ്വദേശികളുടെ മകളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. ഷെഡിനോട് ചേർന്ന് ചായ്ച്ച് കെട്ടിയിരുന്ന ഷീറ്റിലൂടെ കുട്ടി മേൽക്കൂരയിലേക്ക് കയറുകയായിരുന്നു.
കുട്ടി കെട്ടിടത്തിന്റെ മുകളിൽ അപകടകരമായ രീതിയിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനടി സ്ഥലത്തേക്ക് ഓടിയെത്തി. തുടർന്ന്, നിർമ്മാണത്തൊഴിലാളിയായ അത്താണിപ്പടി നന്നാങ്ങാടി കുന്ന് സ്വദേശി ഷിഹാബ് ഏറെ പരിശ്രമിച്ച് ഷെഡിന്റെ മുകളിൽ കയറി കുട്ടിയെ സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.







