റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ സാരിറ്റ്സിനോ മ്യൂസിയത്തിൽ വൻ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യു.എസ്. എംബസി മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളും വിനോദസഞ്ചാരികളും ഈ പ്രദേശവും ജനക്കൂട്ടവും ഒഴിവാക്കണമെന്നും എംബസി നിർദേശിച്ചു.
അതേസമയം യുക്രെയ്നുമായുള്ള സംഘർഷവും “ഭീകരാക്രമണ സാധ്യതയും” കണക്കിലെടുത്ത്, റഷ്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡയും (GAC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയിലുള്ള കനേഡിയൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്നും റഷ്യയിൽ തുടരുന്നവർ ജാഗ്രത പാലിക്കണമെന്നും ഫെഡറൽ ഏജൻസി അഭ്യർത്ഥിച്ചു.
റഷ്യ-യുക്രെയ്ൻ അതിർത്തിക്ക് സമീപം, പ്രത്യേകിച്ച് ബ്രയാൻസ്ക്, കുർസ്ക്, ബെൽഗൊറോഡ് ഒബ്ലാസ്റ്റുകളിലും, റോസ്തോവ് ഒബ്ലാസ്റ്റ്, ക്രാസ്നോദാർ ക്രൈ എന്നിവയുൾപ്പെടെയുള്ള കരിങ്കടൽ മേഖലയിലും ആക്രമണങ്ങൾ വ്യാപിച്ചതായി ഗ്ലോബൽ അഫയേഴ്സ് കാനഡ പറയുന്നു. സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, വിമാനത്താവളങ്ങൾ, ആരാധനാലയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ട്.







