തെക്കൻ ഒൻ്റാരിയോ നഗരമായ ഗ്വൽഫിന് സമീപം ശനിയാഴ്ച പുലർച്ചെ നടന്ന വാഹനാപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് ജീവന് ഭീഷണിയാകുന്ന തരത്തിൽ ഗുരുതരമായ പരുക്കേറ്റതായും ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. പുസ്ലിഞ്ച് ടൗൺഷിപ്പിൽ വെല്ലിംഗ്ടൺ കൗണ്ടിയിലെ വെല്ലിംഗ്ടൺ റോഡ് 34-ന് സമീപം, വാട്സൺ റോഡ് സൗത്തിൽ ശനിയാഴ്ച പുലർച്ചെ 1:30-ന് ശേഷമാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡ് സൈഡിലെ ഗാർഡ് റെയിൽ തകർത്ത് മരങ്ങൾ നിറഞ്ഞ പ്രദേശത്തേക്ക് മറിയുകയായിരുന്നുവെന്ന് കരുതുന്നു.
വാഹനത്തിൽ ആകെ ആറുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ നാലുപേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ പ്രായമോ തിരിച്ചറിയൽ വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. അപകടകാരണവും വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.







