യുഎസ്-ഇന്ത്യ പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇന്ന് കൂടിക്കാഴ്ച നടത്തും. ഫിലിപ്പീന്‍സിലെ സെബുവില്‍ നടക്കുന്ന 13-ാമത് ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചാണ് ഇരുവരുടേയും കൂടിക്കാഴ്ച്ച.
ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണത്തിന് പുതിയ കരാര്‍ ഒപ്പുവെച്ച് ഒരു വര്‍ഷം തികയുന്നതിനിടെയാണ് പുതിയ കൂടിക്കാഴ്ച. 2025 ഒക്ടോബര്‍ 31-ന് ക്വാലാലംപൂരില്‍ നടന്ന മുന്‍ സമ്മേളനത്തോടനുബന്ധിച്ചാണ് യു എസ്- ഇന്ത്യ പ്രധാന പ്രതിരോധ പങ്കാളിത്തത്തിനായുള്ള പത്തുവര്‍ഷത്തെ ചട്ടക്കൂടില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
സൈനിക സംവിധാനങ്ങള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കല്‍, വിവരങ്ങള്‍ പങ്കുവയ്ക്കല്‍, പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം, ശാസ്ത്ര- സാങ്കേതിക രംഗത്തെ സംയുക്ത പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ എന്നിവയാണ് ചട്ടക്കൂടിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍.







