കാനഡയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും പറക്കാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷവാർത്ത. വെസ്റ്റേൺ കാനഡയിലുള്ളവർക്ക് കണക്റ്റിങ് ഫ്ലൈറ്റുകളെ ആശ്രയിക്കാതെ നേരിട്ട് യു.എ.ഇ.യിലേക്കും, അവിടെനിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുകയാണ് എതിഹാദ് എയർവേസ്. വെസ്റ്റേൺ കാനഡയും യു.എ.ഇ.യും തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യത്തെ നേരിട്ടുള്ള വ്യോമപാതയായി കാൽഗറി-അബുദാബി പുതിയ നേരിട്ടുള്ള സർവീസ് ആരംഭിച്ചിരിക്കുകയാണ് എതിഹാദ് എയർവേസ്. കാൽഗറി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഒക്ടോബർ 25 ഞായറാഴ്ച അബുദാബിയിലേക്ക് ബിസിനസ്സ്, ഇക്കോണമി ക്ലാസുകളുള്ള അത്യാധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനം പറന്നുയർന്നു.
ആഴ്ചയിൽ 4 ദിവസങ്ങളിൽ (ചൊവ്വാഴ്ച, വ്യാഴാഴ്ച, ശനിയാഴ്ച, ഞായറാഴ്ച) ഈ റൂട്ടിൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എതിഹാദ് എയർവേസ് അറിയിച്ചു. അബുദാബിയിൽ നിന്നും പുലർച്ചെ 2:25-ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം രാവിലെ ഏഴിന് കാൽഗറിയിൽ എത്തും. (യാത്രാ സമയം: 14 മണിക്കൂർ 35 മിനിറ്റ്). തുടർന്ന് കാൽഗറിയിൽ നിന്നും ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം ഉച്ചക്ക് 12:55-ന് അബുദാബിയിൽ എത്തിച്ചേരും. (യാത്രാ സമയം: 13 മണിക്കൂർ 55 മിനിറ്റ്).
കാൽഗറിയിൽ നിന്നും അബുദാബിയിലേക്കുള്ള പുതിയ ഫ്ലൈറ്റ് ആരംഭിച്ചതോടെ കാനഡയിലുള്ള മലയാളികൾക്ക് ഇനി എളുപ്പത്തിൽ നാട്ടിലെത്താം. കാൽഗറിയിൽ നിന്നും എതിഹാദ് ഫ്ലൈറ്റിൽ കയറി അബുദാബിയിലെത്തി, അവിടെ നിന്നും വളരെ കുറഞ്ഞ ലേഓവർ സമയത്തിനുള്ളിൽ കൊച്ചി, കോഴിക്കോട്, അല്ലെങ്കിൽ തിരുവനന്തപുരം ഫ്ലൈറ്റുകളിലേക്ക് കണക്ട് ചെയ്യാൻ സാധിക്കും.







