കാലിഫോർണിയയിലെ ഷോപ്പിങ് മാളിലുള്ള ‘സ്പിരിറ്റ് ഹാലോവീൻ’ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെടുകയും ആറുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി സാൻ ഫ്രാൻസിസ്കോയ്ക്ക് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ‘സൊലാനോ ടൗൺ സെന്റർ’ മാളിലാണ് വെടിവെപ്പ് നടന്നത്. 31 വയസ്സുള്ള കോൺസ്റ്റൻസ് ഹേഗസ് ആണ് കൊല്ലപ്പെട്ടതെന്ന് ഫെയർഫീൽഡ് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഗർഭിണിയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു.
പ്രതിയെ കണ്ടെത്താൻ എഫ്.ബി.ഐയുടെ (FBI) സഹായത്തോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തെ തുടർന്ന് മാളിൽ നടത്താനിരുന്ന ‘മാൽ-ഓ-വീൻ’ പരിപാടികൾ റദ്ദാക്കി. സ്റ്റോർ താൽക്കാലികമായി അടച്ചുപൂട്ടി.







