തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ പാമ്പുകടിയേറ്റു യുവാവ് മരണപ്പെട്ടു. ഇഞ്ചയ്ക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഇയാൾ പിടികൂടി വീട്ടിലേക്ക് കൊണ്ടുവന്ന പാമ്പ് ഇന്നലെ രാത്രി കടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. വീട്ടിൽ വെച്ച് കടിയേറ്റ ഉടൻ തന്നെ സന്ദീപിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. സന്ദീപിന്റെ ഭാര്യ രജനിയാണ്.







